വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ മാലിന്യക്കൂമ്പാരത്തിൽ; നടപടിയെടുക്കാതെ അധികൃതർ
തളിപ്പറമ്പ: വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും തളിപ്പറമ്പ് സർ സയിദ് ഹയർ സെക്കന്ററി സ്കൂൾ മുറ്റത്തെ മാലിന്യങ്ങൾ നീക്കം ചെയ്തില്ല. പ്ലാസ്റ്റിക് കുപ്പികളും കെട്ട് കണക്കിന് കടലാസ് മാലിന്യങ്ങളും ഉൾപ്പെടെ സ്കൂൾ മുറ്റത്ത് തന്നെ കിടക്കുകയാണ്
ജനാധിപത്യത്തിൻ്റെ ഉത്സവമാണ് തിരഞെടുപ്പ് . ഇന്നിപ്പോൾ ഉത്സവവും കഴിഞ്ഞു ആളും ആരവും ഒഴിഞ്ഞു. എന്നാൽ മെയ് 4ന് നടന്ന വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വോട്ടെണ്ണൽ കേന്ദ്രമായിരുന്നു സർ സെയ്ദ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണം ഇന്ന് മാലിന്യ കുമ്പാരമാണ്.
സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, കെട്ടുകണക്കിന് കടലാസ് മാലിന്യങ്ങൾ എന്നിവ ഇപ്പോഴും ചിതറിക്കിടക്കുകയാണ്. വേനൽ മഴ പെയ്തതോടെ വിദ്യാലയ മുറ്റം ആകെ ചെളിക്കുളമായ അവസ്ഥയിലായി.നിലവിൽ സ്കൂൾ മുറ്റം ചെളിയും മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയാണ്.
മാലിന്യങ്ങൾ അന്ന് തന്നെ നീക്കം ചെയ്യേണ്ടതായിരുന്നെങ്കിലും ഇത് വരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അഡ്മിഷൻ നടപടികൾ പോലും സുഗമമായി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.കഴിഞ്ഞ മാസം ഒൻപതാം തീയതി മുതൽ സ്കൂൾ ഇലക്ഷൻ ആവശ്യത്തിനായി വിട്ട് നൽകി.

ഓഫീസ് കാര്യങ്ങളും ഓഡിറ്റിങ് ഉൾപ്പെടെയുള്ള മറ്റ് നടപടികൾ ഒന്നും പൂർത്തിയാക്കാൻ സാധിച്ചില്ല. വെക്കേഷൻ സമയത്ത് സ്കൂളിന്റെ അറ്റകുറ്റ പ്രവർത്തികൾ നടത്താനും സാധിച്ചില്ല. ഇതിന് പുറമെ ആണ് ഇപ്പോൾ സ്കൂൾ പരിസരം മാലിന്യ കൂമ്പാരമായി കിടക്കുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ലെന്നും ഹെഡ്മാസ്റ്റർ എ മഹറുഫ് പറഞ്ഞു.
വോട്ടെണ്ണലിനു മുൻപ് സ്കൂൾ പരിസരം എങ്ങനെ ആയിരുന്നോ അതെ പടി തിരിച്ച് നൽകേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തുന്ന ക്യാമ്പസ് എത്രയും വേഗം ശുചീകരിക്കണം എന്ന ആവശ്യം ശക്തമാണ്.

.jpg)

