അപകടക്കുരുക്കഴിക്കാൻ ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി


ചാലോട്: മട്ടന്നൂർ -കണ്ണൂർ വിമാനത്താവള റോഡിൽ വാഹനാപകടങ്ങള്‍ പതിവായ ചാലോട് ടൗൺ ജങ്ഷനിൽ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. പ്രദേശവാസികളുടെ ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം യാഥാർത്ഥ്യമായത്.
കണ്ണൂർ വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജംഗ്ഷനില്‍ സൗരോർജത്തില്‍ പ്രവർത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുക്കിയത്.
കണ്ണൂർ -മട്ടന്നൂർ, ഇരിക്കൂർ - തലശേരി റോഡുകള്‍ കൂടിച്ചേരുന്ന ജംഗ്ഷനില്‍ വാഹനാപകടങ്ങളും ഗതാഗത കുരുക്കും പതിവായിരുന്നു. വാഹനാപകടങ്ങളും ഗതാഗതകുരുക്കും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ പരാതികള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ വച്ചുണ്ടായ അപകടത്തില്‍ ഏതാനും പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ട്രാഫിക് സിഗ്നല്‍ സംവിധാനം വന്നതോടുകൂടി അപകടങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം താരതമ്യേന വീതി കുറഞ്ഞ റോഡായതിനാല്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം വേണ്ടത്ര പ്രയോജനം ചെയ്യുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
സിഗ്നല്‍ സംവിധാനത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു ഹോം ഗാർഡ് ഇപ്പോൾ ഡ്യൂട്ടിയിലുണ്ട്.