അതിക്രമങ്ങളിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക് കൈത്താങ്ങായി സ്നേഹിത; 24-കാരിയ്ക്ക് ഇനി പുതുജീവിതം

Snehitha helped the 24-year-old go from violence to confidence; a new life awaits her

പിതാവിന്റെ മദ്യപാനത്തെ തുടർന്നുണ്ടായ പീഡനങ്ങളും കുടുംബപ്രശ്നങ്ങളും കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയ 24-കാരിയ്ക്ക് പുതുജീവിതം സമ്മാനിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത പദ്ധതി. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ സ്നേഹിത എക്സ്റ്റൻഷൻ കേന്ദ്രങ്ങളുടെ സഹായത്തോടെ അവർക്ക് കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കി. തുടർന്ന് തളിപ്പറമ്പിലെ സ്ഥാപനത്തിൽ തൊഴിലും താമസസൗകര്യവും ഒരുക്കി നൽകി. ഇന്ന് സ്വന്തം കാലിൽ നിൽക്കുകയും ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്ത്രീയാണവർ. 

കുടുംബശ്രീയുടെ നേതൃത്വത്തിലും അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് ശൃംഖലകളുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്നേഹിത, അതിക്രമങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമൂഹിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും 10 വയസ് വരെയുള്ള ആൺകുട്ടികൾക്കും സംരക്ഷണവും പിന്തുണയും നൽകുന്ന പദ്ധതിയാണ്‌. കൗൺസിലിംഗ്, നിയമസഹായം, താൽക്കാലിക അഭയം, പുനരധിവാസ സഹായം, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ സ്നേഹിതയിലൂടെ ലഭ്യമാണ്. സുരക്ഷിതമല്ലെന്ന് തോന്നുകയോ നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയാതിരിക്കുകയോ ചെയ്യുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ലഭ്യമാക്കും. കണ്ണൂർ തെക്കി ബസാറിലാണ് ഓഫീസ്. കൂടാതെ എ.സി.പി, ഡിവൈഎസ്പി ഓഫീസുകളിൽ എക്സ്റ്റൻഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 

2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 3667 കേസുകളാണ് സ്നേഹിത കൈകാര്യം ചെയ്തത്. 764 പേർക്ക് താൽക്കാലിക അഭയം നൽകി.15 പേർക്ക് ഹോം നഴ്‌സ് ഉൾപ്പെടെ തൊഴിൽ അവസരങ്ങളും ലഭ്യമാക്കി. 2025-26 സാമ്പത്തിക വർഷം മാത്രം 545 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 308 സ്ത്രീകളും 67 പെൺകുട്ടികളും 70 ആൺകുട്ടികളുമാണ് പരാതിക്കാർ. ഈ കേസുകളിൽ 143 എണ്ണം കുടുംബപ്രശ്നങ്ങളും 43 ഗാർഹിക പീഡന കേസുകളും 33 എണ്ണം ദാമ്പത്യ പ്രശ്നങ്ങളുമാണ്.  കഴിഞ്ഞ രണ്ട് മാസം 70 പരാതികളാണ് ലഭിച്ചത്. സഹായം ആവശ്യമുള്ളവർക്ക് സ്നേഹിത വനിത ഹെൽപ് ലൈൻ 1800 425 0717 എന്ന ടോൾ ഫ്രീ നമ്പറിലും, സ്നേഹിത കണ്ണൂർ 0497 2721817 എന്ന നമ്പറിലും ബന്ധപ്പെടാം.
 

Tags