കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ പഴക്കച്ചവടക്കാർ തമ്മിൽ സംഘർഷം; യുവാവിന് കുത്തേറ്റു
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ പഴക്കച്ചവടക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീനാണ് (35) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന കച്ചവടക്കാരനായ റിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുഡ്സ് ഓട്ടോകളിൽ പഴങ്ങൾ വിൽപ്പന നടത്തിവരികയായിരുന്ന റിഷാദും ഷറഫുദ്ദീനും തമ്മിൽ കച്ചവടത്തെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ റിഷാദ് കത്തി കൈയിലെടുത്ത് ഷറഫുദ്ദീന്റെ വയറ്റിലും വലതുകൈയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ തന്നെ തൊട്ടടുത്തുള്ള പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ പരിയാരം മെഡിക്കൽ കോളേജ് പോലീസ് പ്രതിയായ റിഷാദിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
.jpg)

