കണ്ണൂർജില്ലയിൽ നീക്കം ചെയ്തത് 525 കൊടിതോരണങ്ങൾ; 1.18 ലക്ഷം പിഴയീടാക്കി

525 flagpoles removed in Kannur district; 1.18 lakh fine imposed

കണ്ണൂർ:സംസ്ഥാന പാതയോരങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ കണ്ണൂർജില്ലയിൽ ഈ വർഷം നീക്കം ചെയ്തത് 525 എണ്ണം. 
ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 414 ബോർഡുകൾ, 86 ബാനറുകൾ, 6 കൊടികൾ, 19 ഹോഡിങ്ങുകൾ എന്നിങ്ങനെ ആകെ 525
എണ്ണമാണ് നീക്കം ചെയ്തത്.  ഇവ അനധികൃതമായി സ്ഥാപിച്ചതിനും യഥാസമയം നീക്കം ചെയ്യാത്തതിനും 4,05,500 രൂപ പിഴ ചുമത്തിയതിൽ 1,18,000 രൂപ ഈടാക്കി. ഗ്രാമപഞ്ചായത്ത് തലത്തിൽ മുണ്ടേരി പഞ്ചായത്ത് ആണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്-6000 രൂപ. ഇവിടെ 12 ബോർഡുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് 4000 രൂപ പിഴ ഈടാക്കി. 

നഗരസഭ തലത്തിൽ ഇരിട്ടി നഗരസഭ 40000 രൂപ പിഴയീടാക്കി. ഇവിടെ 10 ഹോർഡിങ്ങുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണിത്.  തലശ്ശേരി നഗരസഭ 27,500 രൂപ പിഴയിനത്തിൽ ഈടാക്കി.കണ്ണൂർ കോർപ്പറേഷനിൽ 46 ബോർഡുകളാണ്  അനധികൃതമായി സ്ഥാപിച്ചത്. 2,30,000 രൂപ പിഴ ചുമത്തിയതിൽ 25,000 രൂപ ഈടാക്കി. രാമന്തളി, വേങ്ങാട്, മുണ്ടേരി ഒഴികെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കൊടിതോരണങ്ങൾ നീക്കം ചെയ്തിട്ടില്ല. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ ഒഴികെയുള്ള നഗരസഭകളും നീക്കം ചെയ്തിട്ടില്ല. 

ലോകകപ്പ് ഹോർഡിങ്ങുകൾ നീക്കം ചെയ്യണം 

ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപകമായി സ്ഥാപിച്ച ഹോർഡിങ്ങുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ 
സ്ഥാപിച്ചവർ തന്നെ സുരക്ഷിതമായി നീക്കം ചെയ്തു ഹരിതകർമ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കിൽ അതാത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു. ഫുട്ബോളിന്റെ മത്സരസ്പിരിറ്റ്‌ പോലെ തങ്ങൾ സ്ഥാപിച്ച ബോർഡുകൾ ഉത്തരവാദിത്തോടെ മാറ്റി മാലിന്യസംസ്കാരണത്തിൽ മാതൃകയാകാനും യുവാക്കൾ തയ്യാറാകണം. 

ഇതുസംബന്ധിച്ചു ചേർന്ന അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ  അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ധനീഷ് പി. എം, കണ്ണൂർ കോർപ്പറേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം, ദേശീയപാത അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags