കണ്ണൂരിന്റെ കായിക മുന്നേറ്റത്തിനായ് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

കണ്ണൂര്‍:കണ്ണൂരിന്റെ സമഗ്ര കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു. കായികോപകരണങ്ങളുടെ നിര്‍മാണം, വിതരണം, സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റി യുടെ നിര്‍മ്മാണം,പരിപാലനം, ദേശീയ - അന്തര്‍ദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തില്‍ കായിക അക്കാഡമികള്‍ സ്ഥാപിക്കല്‍ ,കണ്ണൂരിലെ സ്‌പോര്‍ട്‌സ് ക്ലബ്ബ് കള്‍ക്ക് ആവശ്യമായ പഠന - കായിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, കായിക താരങ്ങള്‍ക്കും പരിശീലകള്‍ക്കും ആവശ്യമായ ധനസഹായം നല്‍കല്‍ തുടങ്ങി ജില്ലയില്‍ ജനകീയ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് സൊസൈറ്റിയുടെ മുഖ്യ ഉദ്ദേശം.
മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷിനെ സൊസൈറ്റിയുടെ പ്രസിഡന്റായും കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗം ഡോ.പി.പി. ബിനീഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. പവിത്രന്‍ മാസ്റ്റര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി മെമ്പര്‍ വി.കെ.സനോജ്, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ കായിക വിഭാഗം ഡയറക്ടര്‍ ഡോ. പി.ടി. ജോസഫ് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ.കെ. ഷെറീഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് എം.കെ. നാസര്‍, ബോക്‌സിങ്ങ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. ശാന്തകുമാര്‍ ,കരാട്ടെ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഞ്ജന പി കുമാര്‍ , ഡോ. അഞ്ജലി സന്തോഷ് എന്നിവരെ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.