കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി : എം വിജിന്‍ എം എല്‍ എ വിത്തിട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു

google news
aaa

കണ്ണൂര്‍:കല്യാശ്ശേരി മണ്ഡലത്തില്‍ ഔഷധ ഗ്രാമം  പദ്ധതി നടപ്പാക്കുന്നതിന്റെ   വിത്തിടല്‍  എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തില്‍ പിലാത്തറ ഹോപ്പിന് സമീപത്ത്  നടന്ന  പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ അധ്യക്ഷയായി. ആദ്യ ഘട്ടത്തില്‍  പ്രത്യേകം തയ്യാറാക്കിയ രണ്ടര ഏക്കറിലാണ് കുറുന്തോട്ടിയുടെ വിത്തിട്ടത്. ചെടി തയ്യാറാക്കിയതിന് ശേഷം ജൂണ്‍-ജൂലായ് മാസത്തില്‍ മറ്റിടങ്ങളില്‍ തൈകള്‍ മാറ്റി നടും.
കടന്നപ്പള്ളി - പാണപ്പുഴ, ഏഴോം, കണ്ണപുരം എന്നീ മൂന്ന്  പഞ്ചായത്തുകളില്‍ പ്രാഥമിക ഘട്ടത്തില്‍ 25 ഏക്കറിലാണ് ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്.

കടന്നപ്പള്ളി- പണപ്പുഴ പഞ്ചായത്തില്‍ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളില്‍ ഏഴര ഏക്കര്‍ വീതവും ആദ്യ ഘട്ടത്തില്‍  ഔഷധസസ്യ കൃഷി ആരംഭിക്കും. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളില്‍   100 ഏക്കറില്‍ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ്  ലക്ഷ്യം. 16.75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും.
പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കും.  നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യത ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപീകരിക്കും.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഹോപ്പിന് സമീപം നടന്ന ചടങ്ങില്‍ കണ്ണൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അജിമോള്‍ പദ്ധതി വിശദീകരിച്ചു.ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ , കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, ജില്ലാ പഞ്ചായത്ത് അംഗം തമ്പാന്‍ മാസ്റ്റര്‍, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വത്സല ടീച്ചര്‍, ഷീജ കെ , മെമ്പര്‍മാരായ ഭാസ്‌ക്കരന്‍, ടി വിസുധാകരന്‍, കല്യാശേരി ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ബി സുഷ, കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.വിളയാങ്കോട് സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ നടന്ന കര്‍ഷക  പരിശീലനത്തിന്  തൃശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പ് സൊസൈറ്റി സെക്രട്ടറി കെ പി  പ്രശാന്ത്, കോ ഓഡിനേറ്റര്‍ ഡോ അഞ്ജലി ഗോപിനാഥ്  എന്നിവര്‍   നേതൃത്വം നല്‍കി

Tags