അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം ആചരിച്ചു

google news
ssss

വയനാട് : അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം എടവക ജൈവ വൈവിധ്യ പരിപാലന സമിതി, കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ് ജന്തുശാസ്ത്ര വിഭാഗത്തിന്റെയും പ്ലാന്റ് സയന്‍സ് വിഭാഗത്തിന്റെയും എം.എസ്. സ്വാമി നാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെയും സഹകരണത്തോടെ എടവക അയിലമൂല പക്ഷി സങ്കേതത്തില്‍ ആചരിച്ചു. പരിപാടി പത്മശ്രീ അവാർഡ് ജേതാവ് ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര വിഭാവം മേധാവി ഡോ. എ.എസ്.എം. ഷംസുദ്ദീന്‍ രചിച്ച് എടവക ബി.എം.സി പ്രസിദ്ധീകരിക്കുന്ന 'എടവകയിലെ നിശാ ശലഭങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു.

എം.എസ്. സ്വാമിനാഥന്‍ റിസേർച്ച് ഫൗണ്ടേഷന്‍ അനുവദിച്ച പഴവര്‍ഗ ചെടികളുടെ വിതരണോദ്ഘാടനം എം.എസ്.എസ്.ആർ.എഫ് ഡവലപ്മെന്റ് കോർഡിനേറ്റർ എന്‍. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജൈവ വൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് നിര്‍വഹിച്ചു. ജനപ്രതിനിധികളായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയ്, ശിഹാബ് അയാത്ത്, എം.പി വത്സന്‍, ലതാ വിജയന്‍, സി.സി സുജാത, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. ശ്രീരാജ്, ബി.എം.സി.അംഗങ്ങളായ പി.ജെ. മാനുവല്‍, എം. ഗംഗാധരന്‍, ജോസഫ് മക്കോളില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബങ്കളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം മുന്‍ മേധാവി പി.യു ആന്റണി 'ജൈവവൈവിധ്യം മാനവ സുരക്ഷയ്ക്ക് ' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
 

Tags