ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് ഡോക്ടർ സമരം സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.എയും

dsh


കൽപ്പറ്റ: ഡോക്ടർമാർക്കെതിരെ അക്രമങ്ങൾ തുടരുന്നതിനെതിരെ സംസ്ഥാന വ്യാപകമായി  നടന്ന ഡോക്ടർമാരുടെ പണിമുടക്ക് സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.യും അവകാശപ്പെട്ടു.. ഓരോ അഞ്ച് ദിവസത്തിനിടെയും ഓരോ ഡോക്ടർമാർ ആക്രമിക്കപ്പെടുകയാണന്ന്   ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. അഞ്ഞൂറോളം ഡോക്ടർമാർ വയനാട്ടിൽ മാത്രം പണിമുടക്കിയതായി സമരക്കാർ.
 വർദ്ധിച്ചുവരുന്ന ആശുപത്രി അക്രമങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കൽ സമരം സമ്പൂർണ്ണമാണ്‌. . ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളും ലേബർ റൂം, എമർജൻസി സർജറികൾ എന്നിവയും ഭംഗമില്ലാതെ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകൾ അടക്കമുള്ള ആശുപത്രികളിൽ ഒ .പി.വിഭാഗം പ്രവർത്തിക്കുന്നില്ല.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കോവിഡ് കാലമായിരുന്നിട്ടു കൂടി ഇരുന്നൂറിലേറെ ആക്രമണങ്ങളാണ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ഉണ്ടായിട്ടുള്ളത്. ഈയിടെ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമവും അത് കർശനമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദ്ദേശവും ഉണ്ടായിട്ടും പോലീസിന്റെ മുന്നിൽ വച്ചു നടന്ന ആക്രമണമായിട്ടു പോലും അതിൽ പ്രതികളെ ഉടനെ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല. 

ജോലിസ്ഥലത്ത് നിർഭയമായി, ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് ഉൽക്കണ്ഠയും ആശങ്കയുമുണ്ടന്ന് 
ഡോക്ടർമാർ പറഞ്ഞു. 
 രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ലക്ഷ്യമിടുന്നില്ലെങ്കിൽ പോലും സമരം ചെയ്യാൻ ഡോക്ടർമാർ നിർബന്ധിതരാവുമാകയാണെന്നത് നിർഭാഗ്യകരമാണ്. പൊതുസമൂഹം നിസ്സംഗത വെടിഞ്ഞ് ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണമെന്ന് ഐ എം. എ യും  കെ.ജി.എം.ഒ.എ.യും  ആവശ്യപ്പെട്ടു.

ഐ.എം.എ. ഭാരവാഹികളായ ഡോ.എം.പി.രാജേഷ് കുമാർ , ഡോ.എം. ഭാസ്കരൻ ,  ഡോ.സെബാസ്റ്റ്യൻ,   കെ.ജി.എം.ഒ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story