ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം ഫെബ്രുവരി 21 ന്


ഇടുക്കി : കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫിസിന് സ്വന്തം കെട്ടിടമെന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഫെബ്രുവരി 21 രാവിലെ 10.30ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കും.
1984 വരെ കോട്ടയം ജില്ലാ പി എസ് സി ഓഫിസിനോടൊപ്പമാണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസും പ്രവർത്തിച്ചിരുന്നത്. 1984 ലാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന ഓശാനം സ്കൂളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഓഫിസ് മാറിയത്. തുടർന്ന് കട്ടപ്പന ദീപിക ബിൽഡിങ്ങിലും പ്രവർത്തിച്ചു. 2002 മുതൽ കട്ടപ്പന ഹൗസിങ്ങ് ബോർഡ് കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്.

കേരള പി എസ് സി യുടെ വജ്രജൂബിലി വർഷത്തിലാണ് എല്ലാ പി എസ് സി ഓഫിസുകൾക്കും സൗകര്യപ്രദമായ സ്വന്തം കെട്ടിടമെന്ന ആവശ്യമുയർന്നത്. പാലക്കാട്, കോട്ടയം ജില്ലകളിൽ പുതിയ കെട്ടിടമായികഴിഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കെട്ടിട നിർമ്മാണമാരംഭിച്ചു. കാസർഗോഡ് കെട്ടിട നിർമ്മാണത്തിനുള്ള ടെൻഡർ നടപടിയിലേക്ക് കടന്നു. തൃശൂരിൽ സ്ഥലം അനുവദിച്ച് ഉത്തരവായി. മലപ്പുറം സ്ഥലം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടനെയുണ്ടാകും.
പത്തനംതിട്ട, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ സ്ഥലത്തിനായുള്ള വിവിധ പ്രൊപ്പോസലുകൾ സർക്കാരിൻ്റെ പരിഗണനയിലാണ്.
കട്ടപ്പന നഗരസഭയുടെ കീഴിൽ ആനവിലാസം റൂട്ടിൽ അമ്പലക്കവല ക്ഷേത്രത്തിന് എതിർവശത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ കെട്ടിടമുയരുക. 20 സെൻ്റ് സ്ഥലമാണ് സർക്കാർ അനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പണിയുന്നത്. ഓരോ നിലയും 3336 സ്ക്വയർ ഫീറ്റ് ഉണ്ടാകും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക.
ശിലാസ്ഥാപന പരിപാടിയിൽ പി എസ് സി ചെയർമാൻ ഡോ:എം.ആർ ബൈജു അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ കലക്ടർ വി.വിഘ്നേശ്വരി, കമ്മീഷനംഗങ്ങളായ എസ്. വിജയകുമാരൻ നായർ, ഡോ. മിനി സക്കറിയാസ്, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി എന്നിവർ ആശംസകളർപ്പിക്കും.