നാച്യുറ -25; നെല്ലിയാമ്പതിയുടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത് ഇക്കോ ടൂറിസം വർക്ക്ഷോപ്പ്


പശ്ചിമ ഘട്ട മലനിരകളുടെ സൗന്ദര്യം ഉൾക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആൻ്റ് ഇക്കോ ടൂറിസത്തിൽ അനന്തസാധ്യതകളാണ് ഉള്ളതെന്ന് നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് -നാച്യുറ 25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാം ആൻ്റ് ഇക്കോ ടൂറിസം വർക്ക്ഷോപ്പ് അഭിപ്രായപ്പെട്ടു. പാലക്കാടിന്റെ സംസ്കാരത്തെയും ജൈവ വൈവിധ്യത്തെയും നൂതനവും പരമ്പരാഗതവുമായ കാർഷിക അറിവുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഫാം ആൻ്റ് ഇക്കോ ടൂറിസം പദ്ധതികൾക്ക് നെല്ലിയാമ്പതിയിൽ ഊന്നൽ നൽകണമെന്നും വർക് ഷോപ്പിൽ അഭിപ്രായം ഉയർന്നു. കെ.ശാന്തകുമാരി എം.എൽ.എ വർക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി രാജശേഖരൻ, കർഷക ശ്രീ- കേരളപ്രഭ 24 ജേതാവ് പി ഭുവനേശ്വരി എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിയാമ്പതി. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നിവയെ ടൂറിസവുമായി ബന്ധിപ്പിക്കണം. 137 കോടി രൂപ ഫാമുകളുടെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ട് ഇത് എല്ലാ ഫാമുകളും ഫാം ആൻ്റ് ഇക്കോ ടൂറിസം മേഖലകളിലേക്ക് കടക്കുന്നതിന് സഹായകമാവുമെന്ന് കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി. രാജാശേഖരൻ പറഞ്ഞു.

പാലക്കാട് മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. സുരേഷ് ബാബു വിഷയാവതരണം നടത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടൂറിസ്റ്റുകൾ നെല്ലിയാമ്പതിയിൽ വരാൻ മടിക്കുന്നതിന്റെ പ്രധാന കാരണം. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, പാർക്കിങ്, താമസ സൗകര്യങ്ങൾ കൂടുതലായി സൃഷ്ടിക്കുക, മലിനീകരണം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ടൂറിസത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക, വിവിധ ടൂറിസം സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നിവ പ്രാഥമികമായി ചെയ്തെങ്കിൽ മാത്രമേ ടൂറിസം വികസിക്കുകയുള്ളൂ എന്ന് വി. സുരേഷ് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഫറൂഖ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ കെ.എഫ് .ആർ.ഐ മുൻ ഡയറക്ടർ ഡോ ശ്യാം, ഡയറക്ടർ ഓഫ് റിസർച്ച് ഐ.ആർ.ടി.സി. ഡോ. സീതാലക്ഷ്മി,ഫാം സൂപ്രണ്ട് സാജിദ് അലി, ശ്രീനാരായണൻകുട്ടി (ഫാം കെയർ ഫൗണ്ടേഷൻ) എ. നാരായണൻ (ജൈവ സംരക്ഷണ സമിതി, കേരള) കൃഷി അസിസ്റ്റന്റ് മാരായ അജേഷ്, ഹേമ, നാരായണൻകുട്ടി, ഫാം - ഇക്കോ ടൂറിസം രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വിദഗ്ധർ, റിസോർട്ട് ആൻ്റ് പ്ലാന്റേഷൻ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.