ചേലച്ചുവടിന് ദുരന്തപ്രതികരണത്തിന്റെ പാഠങ്ങൾ പകർന്ന് കിലയുടെ മോക്ക് ഡ്രിൽ


ഇടുക്കി : ചേലച്ചുവട് ബസ് സ്റ്റാൻഡിലേക്ക് സൈറൻ മുഴക്കി ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ, ഫയർ എഞ്ചിൻ. രക്ഷാ പ്രവർത്തിന് സർവ്വ സജ്ജമായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ, റാപ്പിഡ് റെസ്‌പോൺസ് ടീം, മെഡിക്കൽ ടീം, പോലീസ്, ജനപ്രതിനിധികൾ; ആദ്യം പൊതുജനങ്ങളിൽ ആശങ്കയും അമ്പരപ്പുമാണുണ്ടായത്. അടിയന്തര സാഹചര്യം നേരിടുന്നതിന് പര്യാപ്തരാക്കുന്ന മോക്ക് ഡ്രിൽ ആണെന്ന അനൗൺസ്‌മെന്റ് വന്നതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.
പൊതുജനങ്ങളും ബസ് കാത്തുനിന്നവരും മോക്ക് ഡ്രില്ലിന്റെ ഭാഗമായി, രക്ഷാ പ്രവർത്തനം ഊർജിതമായി. ചേലച്ചുവട് ടൗണിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. അസംബ്ലി പോയിൻറ് ചേലച്ചുവട് ബസ് സ്റ്റാൻഡ് പരിസരവും, ദുരന്തബാധിത മേഖല ചേലച്ചുവട് ലൈബ്രറി ഹാൾ പ്രദേശവും, ഷെൽട്ടർ ക്യാമ്പ് ചുരുളി സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളുമായിരുന്നു. ദുരന്ത ബാധിത പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തി ദുരന്ത ബാധിതരെ ഷെൽട്ടർ ക്യാമ്പിലും, പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും, ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൻ്റെ ഭാഗമായിരുന്നു.

അടിയന്തര ഘട്ടങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി കിലയുടെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് റസ്‌ക്യു, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുമ്പന്നൂർ, ആലക്കോട്, കുടയത്തൂർ, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, ഇടുക്കി - കഞ്ഞിക്കുഴി എന്നീ 11 ഗ്രാമ പഞ്ചായത്തുകൾക്ക് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതല ഉരുൾപൊട്ടൽ പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം ചേലച്ചുവട് ടൗണിൽ രാവിലെ 11 മണിയോടെ നടത്തിയത്. ദുരന്ത പ്രതികരണ സമയത്ത് എല്ലാ വകുപ്പുകൾക്കും, പൊതു സമൂഹത്തിനും അവബോധം നൽകുക, ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നിവ സംബന്ധിച്ച പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചുരുളി സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പൊതുയോഗം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി തഹസിൽദാർ റാം ബിനോയി അധ്യക്ഷനായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിയാസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം സോയിമോൻ, കില ഡയറക്ടർ പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങി നിരവധി പേർ മോക്ക് ഡ്രല്ലിൽ പങ്കെടുത്തു.