ഇടുക്കി ജില്ലയിൽ മത്സ്യ ഉത്പാദനം ഗണ്യമായി വർധിക്കും: മന്ത്രി സജി ചെറിയാൻ
ഇടുക്കി : ജില്ലയിലെ 24 ഡാമുകളിൽ മത്സ്യ കൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകൾ പ്രവർത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാനാകുമെന്ന് ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതുവഴി കൂടുതൽ ഡാമുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുവാൻ സാധിക്കും. ഫിഷറീസ് വകുപ്പിന്റെ കീഴിൽ വെള്ളത്തൂവൽ പഞ്ചായത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ മത്സ്യകർഷകർ ഏറെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. ജില്ലയിൽ 4500-ഓളം വരുന്ന ശുദ്ധജല മത്സ്യകർഷകർ നമ്മുടെ സംസ്ഥാനത്തെ മത്സ്യ സമ്പദ്വ്യവസ്ഥയിൽ വലിയ പങ്കാണ് വഹിക്കുന്നത്. നേരത്തേ വിദൂര ജില്ലകളിൽ നിന്നാണ് വലിയ പ്രതിസന്ധിയോടെയാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. ദൂരയാത്രകൾക്കൊടുവിൽ ഉണ്ടാകുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ മരണനിരക്ക് കർഷകർക്ക് വലിയ നഷ്ടമായിരുന്നുവെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ചെങ്കുളത്ത് മത്സ്യവിത്ത് ഫാം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളത്തൂവൽ പഞ്ചായത്തിൽ ചെങ്കുളം ഡാം സൈറ്റിൽ 1.62 ഹെക്ടർ ഭൂമിയിൽ 654.95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ വിവിധ പദ്ധതികളിലായി കാർപ്പ്, തിലാപ്പിയ, വരാൽ, ആസാംവാള, അനാബസ് എന്നീ മത്സ്യങ്ങളുടെ കൃഷിയിൽ ഏർപ്പെട്ടുവരുന്ന മത്സ്യകർഷകർ കുളങ്ങളിലും മറ്റു നൂതന മത്സ്യകൃഷി രീതികളിലുമായി 250 ഹെക്ടറിലധികം ജലാശയങ്ങൾ ഉപയോഗപ്പെടുത്തുന്നു. ജില്ലയിലെ 12000 ഹെക്ടർ വരുന്ന റിസർവോയറുകൾ മത്സ്യ ഉത്പാദനത്തിന്റെ വലിയ സാധ്യതയാണ്. ഈ ജലാശയങ്ങളിൽ മത്സ്യങ്ങൾ നിക്ഷേപിക്കുന്നതിലൂടെ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനും ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കും.
അഞ്ച് സെന്റ് വീതമുള്ള 15 ടാങ്കുകളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടുന്ന ഈ ഫാമിന്റെ പ്രതിവർഷ ഉത്പാദനശേഷി 3.6 മില്യൺ മത്സ്യ കുഞ്ഞുങ്ങളാണ്. ജില്ലയുടെ ആവശ്യം കൂടാതെ സമീപ ജില്ലകളിലേക്കും മത്സ്യവിത്ത് നൽകുവാൻ സാധിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചെങ്കുളം ഡാം സൈറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ സാമുവൽ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് അംഗം പി. സി ജയൻ, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. കണ്ണൻ, നെടുങ്കണ്ടം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോബിൻസ് കുര്യൻ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
.jpg)


