ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

Minister Roshy Augustine

ഇടുക്കി : ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കളക്ടറേറ്റിൽ ചേർന്ന ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇടമലക്കുടിയിൽ പദ്ധതികൾക്ക് ടെൻഡർ എടുക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തി പ്രത്യേക അനുമതി നേടിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കും.

പ്ലാന്റേഷൻ മേഖലകളിലും പിന്നോക്ക മേഖലകളിലും പത്ത് മോഡൽ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയിൽ അഞ്ച് അങ്കണവാടികൾ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലാണ്. റീ ടെൻഡർ നടപടികൾ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യത്തിൽ പദ്ധതി പൂർത്തീകരിക്കാൻ കാലതാമസം നേരിടുമെന്നതിനാലാണ് സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചത്. 

ഇടുക്കി ടൂറിസത്തെ ബ്രാൻഡ് ചെയ്യുന്നതിനും പ്രചരണം നടത്തുന്നതിനും സമഗ്രമായ ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇടുക്കി ഡാം റിസർവോയറിൽ ടൂറിസറ്റുകൾക്ക് ബോട്ടിംഗ് ഏർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. 

വന്യജീവി ആക്രമണം രൂക്ഷമായ 15 മേഖലകളിൽ സോളാർ വേലികൾ സ്ഥാപിക്കും. ഇതിൽ കാലതാമസം നേരിടുന്ന ഏഴ് പ്രവൃത്തികളുടെ റീ ടെൻഡർ രണ്ടു ദിവസത്തിനകം നടക്കും. ദേവികുളത്ത് വന്യമൃഗ ശല്ല്യമുള്ള പ്രദേശങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഈ മാസം തന്നെ ആരംഭിക്കും. കട്ടപ്പന ഗവൺമെന്റ് കോളേജിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലബോറട്ടറികളുടെ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാകും. 

2022-23, 2023-24, 2024-25 വർഷങ്ങൾ മുതലുള്ള പദ്ധതികളാണ് യോഗത്തിൽ അവലോകനം ചെയ്തത്. വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതിയെ കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവതരിപ്പിച്ചു. വണ്ടിപ്പെരിയാർ കനാൽ പുനരുജ്ജീവനം, സോളാർ ഫെൻസിങ്, പൈനാവ് വർക്കിംഗ് വിമൻ ഹോസ്റ്റൽ, പാലങ്ങൾ, ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ്, നെടുങ്കണ്ടം പോളിടെക്‌നിക് കോളേജ്, തുടങ്ങിയ വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.

എം. എൽ. എ മാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാംകുന്നേൽ,  ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സബ് കളക്ടർ അനൂപ് ഗാർഗ്, ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ, തുടങ്ങിയവർ പങ്കെടുത്തു.

Tags