ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണം: മന്ത്രി റോഷി അഗസ്റ്റിൻ

 Roshi Augustine

ഇടുക്കി : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. വളർന്നുവരുന്ന കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെയും രാസലഹരിയുടെയും പിടിയിൽ നിന്ന്  മോചിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജനകീയമായ  മാറ്റത്തിലൂടെയാണ് എക്‌സൈസ് വകുപ്പിനും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

tRootC1469263">

മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മാണം ആരംഭിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതിനോടൊപ്പം   ഗ്രാമീണപ്രദേശങ്ങൾ കേന്ദ്രീകരിച്ച്  കുട്ടികൾക്കും യുവജനങ്ങൾക്കും ലഹരി വിരുദ്ധ  ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും കർശന പരിശോധന നടത്തുന്നതിനുമുള്ള വലിയ സാധ്യതയാണ് തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കരിങ്കുന്നം, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂർ, ഉടുമ്പന്നൂർ, ഇലപ്പള്ളി, അറക്കുളം എന്നീ എട്ടു വില്ലേജുകൾ ഉൾപ്പെടുത്തിയാണ് മൂലമറ്റം എക്‌സൈസ് റേഞ്ച് ഓഫീസ് രൂപീകരിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കലയന്താനിയിലുണ്ടായിരുന്ന സ്ഥലം എക്‌സൈസിന് വിട്ടുനൽകിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

വിശിഷ്ട സേവനത്തിനുള്ള 2024ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകൾ കരസ്ഥമാക്കിയ പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ  ബി.രാജ്കുമാർ, ഇടുക്കി സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.കെ സിജുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കലയന്താനി കൊന്താലപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കർ അധ്യക്ഷത വഹിച്ചു. വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയിൽ,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ  രാജു ഓടയ്ക്കൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്റ്റി സാബു,വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് ജോൺ,
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു,പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷെല്ലി ജെയിംസ്, ജോയിന്റ് എക്‌സൈസ് കമ്മീഷണർ എസ്.കൃഷ്ണകുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags