ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി കെ.എൻ ബാലഗോപാൽ

Minister KN Balagopal

ഇടുക്കി : സംസ്ഥാനത്ത് ട്രഷറി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികൾ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പൈനാവിൽ ഇടുക്കി ജില്ലാ ട്രഷറി പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനികവത്കരണത്തിന്റെ  ഭാഗമായി എല്ലാ ജില്ലയിലും നിരവധി ട്രഷറികൾ പ്രവർത്തനം ആരംഭിച്ചു. 

 ചില ട്രഷറികൾ നിർമ്മാണ ഘട്ടത്തിലാണ്. ജില്ലാ ആസ്ഥാനത്തിന് പുറത്ത് പ്രവർത്തിച്ചിരുന്ന ഇടുക്കിയിലെ ട്രഷറി പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാനും, ഏകോപിപ്പിക്കാനും വേണ്ടി  പൈനാവിലേക്ക് കൊണ്ടുവരികയാണ്. ട്രഷറി ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ ധനപരവും  ഭരണപരമായ കാര്യങ്ങൾ എല്ലാം കാര്യക്ഷമമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് 27 ട്രഷറികളാണ്  ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തിൽ ആരംഭിച്ചത്.  തിരുവനന്തപുരത്ത് പട്ടത്ത് ട്രഷറിക്ക് ആസ്ഥാന മന്ദിരം നിർമ്മിച്ചു. ട്രഷറിയിലെ ഇടപാടുകാർക്ക് ഓൺലൈൻ സൗകര്യം, അക്കൗണ്ടിൽ പണം പിൻവലിച്ചാലോ നിക്ഷേപിച്ചാലോ ഉടൻ തന്നെ  മൊബൈൽ ഫോണിലേക്ക് മെസേജ് വരുന്ന തരത്തിലേക്കുള്ള സംവിധാനം, ഡിജിറ്റൽ സുരക്ഷയിൽ കൂടുതൽ കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അടിസ്ഥാന ദൗതിക സാഹചര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് മൂലമറ്റത്ത് ജില്ലാ ആസ്ഥാനത്തിന് പുറത്ത് ജില്ലാട്രഷറി  ആരംഭിച്ചത്. ഇന്ന് സാഹചര്യം മാറിയെന്നും വലിയ തോതിലുള്ള സൗകര്യങ്ങളോടെയാണ് ജില്ലാ ട്രഷറി ആസ്ഥാനത്തേക്ക് മാറ്റുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാര്യക്ഷമത ഉറപ്പാക്കുമെന്നും ട്രഷറിക്ക് സമയബന്ധിതമായി കെട്ടിടം നിർമ്മിച്ച് അവിടേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഐഎച്ച് ആർഡി ഇവയ്ക്ക് പുറമെ ഇടുക്കിയിൽ ലോ കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ ജില്ലാ ഓഫീസുകൾ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്ത് നിന്ന് ജില്ലാ ട്രഷറി പൈനാവിൽ ജില്ലാ പഞ്ചായത്തിന് സമീപത്തേക്ക് മാറ്റിയത്.  പൈനാവിൽ 15 സെന്റ് സ്ഥലം പുതിയ  കെട്ടിടം നിർമിക്കാനായി അനുവദിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, രാജു കല്ലറയ്ക്കൽ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ഷിജോ തടത്തിൽ, സാജൻ കുന്നേൽ, സിനോജ് വള്ളാടി, സുശീല എൻ.എൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു എന്നിവർ സംസാരിച്ചു.

Tags