അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്: മന്ത്രി കെ.എ. തുളസി
ഇടുക്കി : അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാൻ പരമാവധി കഠിനപ്രയത്‌നം ചെയ്യണമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഉയരെ - എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അറിവിലൂടെ നേടുന്ന വ്യക്തിത്വമാണ് സമൂഹത്തിൽ നാം ആരുടെയും പിന്നിലല്ല എല്ലാവർക്കും ഒപ്പമാണ് എന്ന ബോധ്യമുണ്ടാക്കുന്നത്. അറിവാണ് ശക്തി പകരുന്നത്. ഈ വിജയം കൂടുതൽ വിജയങ്ങൾക്കുള്ള ചവിട്ടുപടിയാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
എല്ലാവർക്കും ചിലപ്പോൾ ആഗ്രഹിക്കുന്ന സ്ഥലത്തെത്താൻ കഴിയാതെ വന്നേക്കാം. പക്ഷേ എത്തിപ്പെടുന്നയിടത്ത് പൂർണ സമർപ്പണത്തോടെ പ്രവർത്തിക്കണം. ഒരു വ്യക്തി വിചാരിച്ചാൽ സമൂഹത്തിൽ വലിയ സംഭാവന നൽകാൻ കഴിയും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മുൻഗണന നൽകി പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തടിയമ്പാട് ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പരിപാടിയിൽ എഫ്. രാജ എംഎൽഎ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോൾ പി കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹൻദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൽ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

