ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കുടുംബശ്രീ പുത്തനുണർവ് പകർന്നു: മന്ത്രി വി.എൻ. വാസവൻ

vn vasavan

ഇടുക്കി : കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ പുത്തനുണർവ് പകരാൻ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വാഗമണിൽ ആരംഭിച്ച കുടുംബശ്രീ  പ്രീമിയം കഫെയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 27 വർഷമായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. നാടിന്റെ വളർച്ചയിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. ഏറ്റവുമൊടുവിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി പദ്ധതിയിലടക്കം കുടുംബശ്രീയെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

tRootC1469263">

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിൽ നിരവധി സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവർക്ക് രുചികരമായ ഭക്ഷണം മിതമായ വിലയിൽ ലഭ്യമാക്കാൻ പ്രീമിയം കഫെയിലൂടെ കഴിയും. 14 ജില്ലകളിലും ഇത്തരം പ്രീമിയം കഫെകൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ഇടുക്കി ജില്ലയിൽ ആരംഭിച്ചത്. നിലവിൽ കേരളത്തിലാകെ 15 പ്രീമിയം കഫെകളാണുള്ളത്.

വനിതകളുടെ കൂട്ടായ്മയിലൂടെയുള്ള ഇത്തരം സംരംഭങ്ങൾ നിരവധി പേർക്ക് തൊഴിലവസരം നൽകും. 46 ലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബശ്രീ പ്രവർത്തനം സ്ത്രീകൾക്ക് സാമ്പത്തിക സാംസ്‌കാരിക സാമൂഹിക ഉണർവ് പകരാനും കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ സംഘടിപ്പിക്കുന്ന കലോത്സവം മികച്ച നിലവാരം പുലർത്തുന്നതാണ്.

കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള സരസ് മേളയിൽ കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുകയും മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

വാഗമൺ വാർഡ് മെമ്പർ മായ സജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മണികണ്ഠൻ. എ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷിബു. ജി, ഡി റ്റി പി സി സെക്രട്ടറി ജിതീഷ് ജോസ്, സംസ്ഥാന മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഹർഷ നാരായണൻ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശിവൻ. സി, ഏലപ്പാറ കുടുംബശ്രീ സി. ഡി. എസ്  ചെയർപേഴ്‌സൺ മിനി സുരേന്ദ്രൻ, അയ്യപ്പൻകോവിൽ കുടുംബശ്രീ സി. ഡി. എസ്  ചെയർപേഴ്‌സൺ രജിത ഷാജൻ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ പി. എസ് രാജൻ, സി. വി വർഗീസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അരുൺ വി എ, തുടങ്ങിയവർ പങ്കെടുത്തു.

Tags