ഇടുക്കി ജനതയ്ക്ക് നന്ദി പറഞ്ഞ് ഡോ. അരുൺ എസ് നായർ : പുതിയ സബ് കളക്ടർ അനൂപ് ഗാർഗ് ചുമതലയേറ്റു
ഇടുക്കി : രണ്ട് വർഷത്തോളം ഇടുക്കി സബ് കളക്ടർ പദവിയിൽ തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇവിടുത്തെ ജനങ്ങളോട് വലിയ നന്ദിയുണ്ടെന്നും സ്ഥാനമൊഴിയുന്ന സബ് കളക്ടർ ഡോ. അരുൺ എസ് നായർ . 2022 ഒക്ടോബറിലാണ് ഐ എ എസ് ട്രെയിനിങ്ങിന് ശേഷം ആദ്യ പോസ്റ്റിങ്ങ് ഇടുക്കിയിൽ ലഭിക്കുന്നത് .
തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറായി സ്ഥലമാറ്റം ലഭിക്കുമ്പോഴും ഇടുക്കിയെ തന്റെ രണ്ടാമത്തെ വീടായി കാണാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്താനായത്.
ജില്ലാ ഭരണകൂടത്തിന് വേണ്ടി വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു.ഭൂമികയ്യേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ ഭാഗമായി വനവകാശം , പട്ടയവിതരണം , ഫോറസ്ററ് സെറ്റിൽമെന്റ് തുടങ്ങിയ കാര്യങ്ങളിൽ സാധാരണജനങ്ങൾക്ക് വേണ്ടി നീതിപൂർവ്വകമായി പ്രവർത്തിച്ചു. ജില്ലയുടെ വലിയ സാധ്യതയായ ടൂറിസം മേഖലയിൽ ഡി ടി പി സി മുഖാന്തരം ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കാനും കഴിഞ്ഞു.
ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലുമുള്ള വിദ്യാർത്ഥികളുമായി പല അവസരങ്ങളിലും സംവദിക്കാൻ കഴിഞ്ഞു. അത് വലിയ അനുഭവമാണ് നൽകിയത്. പുതിയ കാഴ്ചപ്പാടുകളും, പ്രതീക്ഷകളുടെ പുതിയ നിറങ്ങളും പരിചയപ്പെടുത്തിയ ഇടുക്കിയെ ഔദ്യോഗിക ജീവിതത്തിലും അല്ലാതെയും പരിഗണനയോടെ മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇടുക്കി സബ് കളക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു. ജില്ലാ കളക്ടർ വി വിഗ്നേശ്വരി , സ്ഥാനമൊഴിയുന്ന സബ് കളക്ടർ ഡോ. അരുൺ എസ് നായർ , എ ഡി എം ഷൈജു പി ജേക്കബ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് പുതിയ സബ് കളക്ടർ അനൂപ് ഗാർഗ്. ഒഡീഷ സ്വദേശിയാണ്.