125.17 കോടി രൂപയുടെ വികസന പദ്ധതികളുമായി ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്

Idukki District Panchayat budget with development projects worth Rs. 125.17 crore
Idukki District Panchayat budget with development projects worth Rs. 125.17 crore


ഇടുക്കി : ജില്ലയുടെ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ജില്ലാ പഞ്ചായത്ത് 125.17 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 
124,43,85,500 കോടി രൂപയുടെ വരവും 73,21,479 രൂപ പ്രാരംഭ ബാക്കിയും അടക്കും 125,17,06,979 രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 124.47 കോടി രൂപ (124, 47,64,500) യുടെ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 69,42,479 നീക്കിയിരിപ്പ് വകയിരുത്തി. 

ആരോഗ്യ രംഗത്ത് 3.45 കോടി രൂപയുടെ പദ്ധതികളാണ് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്നത്. ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി. ജില്ലാ ആശുപത്രികൾക്ക് മരുന്നിനായി ഒരു കോടി രൂപയും വകയിരുത്തി. പാലിയേറ്റീവ് പദ്ധതിക്ക് 40 ലക്ഷം, വയോജനങ്ങൾക്ക് ഔഷധ ദാനം ചെയ്യുന്ന വയോരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആയുർവേദ ആശുപത്രിക്ക് 50 ലക്ഷം രൂപയും വകയിരുത്തി. ക്യാൻസർ സുരക്ഷ പദ്ധതിക്കായി 5 ലക്ഷം, ജില്ലാ ആശുപത്രി കീമോ തെറാപ്പി യൂണിറ്റിന് 10 ലക്ഷം, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് നൽകുന്ന ആയുർതാളം പദ്ധതിക്കായി 10 ലക്ഷം രൂപയും, കാരുണ്യ സ്പർശം ഡയാലിസിസ് ധനസഹായത്തിന് 30 ലക്ഷം രൂപയും ഉൾപ്പെടെ 3.45 കോടി രൂപയുടെ എട്ട് പദ്ധതികളാണ് ബജറ്റിൽ അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയിൽ 6.90  കോടി രൂപയുടെ പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. ജില്ലയിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 6 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ മെയിൻ്റനൻസിന് 1.50 കോടി, എസ് എസ് കെ ഗ്രാൻ്റ് 50 ലക്ഷം, ലൈബ്രറി ഡിജിറ്റലൈസേഷൻ 10 ലക്ഷം, ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനം, ആധുനിക വത്കരണത്തിനും 15 ലക്ഷം, എസ് എസ് എൽ സി വിദ്യാർഥികൾക്ക് സ്പെഷ്യൽ ട്രെയിനിംഗ് പദ്ധതിയായ വിജ്ഞാന ദീപം പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി.

സൈക്കോ- സോഷ്യൽ കൗൺസിലേഴ്സ് നിയമനത്തിന് 10 ലക്ഷം, സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾക്ക് റീഫ്രെഷ്മെൻ്റ് 20 ലക്ഷം, അമൃതം പ്രഭാത ഭക്ഷണ പദ്ധതിക്കായി 20 ലക്ഷം, വിജയവീഥി പ്ലസ് ടു വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് പദ്ധതിക്കായി 5 ലക്ഷം രൂപയും നീക്കി വച്ചു.

കാർഷിക മേഖലയുടെ വികസനത്തിന് ജില്ലയിൽ 4.14 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
മണ്ണ് ജല സംരക്ഷണ പദ്ധതി, വിവിധ ജലസേചന പദ്ധതികൾ, ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ഒരു കോടി വീതം 3 കോടി രൂപ ബജറ്റിൽ വകയിരുത്തി. 
നെൽകർഷകർക്ക് സബ്സിഡി നൽകാൻ പൊൻകതിർ പദ്ധതിയിൽ 25 ലക്ഷം രൂപ, മത്സ്യ വിത്ത് നിഷേപത്തിന് 5 ലക്ഷം രൂപ, അരീക്കുഴ ജില്ലാ കൃഷിതോട്ടം ഫാം ടൂറിസം, ഫാം ഫെസ്റ്റ്, ജൈവ കീടനാശിനി യൂണിറ്റ്, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റ് എന്നിവക്കായി 14 ലക്ഷം രൂപയും നീക്കിവച്ചു. അരീക്കുഴ ടിഷ്യു കൾച്ചർ ലാബിന് 20 ലക്ഷം, കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് 50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

വ്യവസായ മേഖലയ്ക്കായി 70 ലക്ഷം രൂപ വകയിരുത്തി. വ്യവസായ പാർക്കുകൾ, പുൽത്തെലം, ഏലം / കുരുമുളക് പ്രൊസസിംഗ് യൂണിറ്റുകൾക്ക് 25 ലക്ഷം രൂപയും,  ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾക്ക് 11.90 കോടി രൂപയും വകയിരുത്തി. വിവിധ കുടിവെള്ള പദ്ധതികൾക്കും  നവീകരണ പ്രവർത്തനങ്ങൾക്കുമായി 3.5 കോടി രൂപയും ബജറ്റിൽ വകയിരുത്തി.  ശുചിത്വ മേഖലയിൽ മാലിന്യ സംസ്കരണത്തിന് 1.50 കോടി രൂപയും, ബയോ പാർക്ക് 2. 65 കോടിയും, സ്കൂളുകളിലെ മാലിന്യ സംസ്കരണ സംവിധാനത്തിന് 50 ലക്ഷം രൂപയും ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 10.22 കോടി രൂപ ബജറ്റിൽ വകയിരുത്തി. 

വിനോദ സഞ്ചാര മേഖലയിൽ 35 ലക്ഷം രൂപ വകയിരുത്തി. മൂന്നാർ ടൂറിസം ഇൻവസ്റ്റ്മെൻ്റ് മീറ്റ് 5 ലക്ഷം, വാഗമൺ ടൂറിസം ഫെസ്റ്റ് 5 ലക്ഷം, വില്ലേജ് ടൂറിസം അടിസ്ഥാന സൗകര്യ വികസനം 20 ലക്ഷം, പാറേമാവ് ആയുർവേദ ആശുപത്രിയിൽ ആയുർഗ്രഹം ആയുർ ടൂറിസം ചികിത്സാ പദ്ധതിക്ക് 5 ലക്ഷം രൂപയും മാറ്റിവച്ചു.

അടിസ്ഥാന പശ്ചാത്തല വികസനത്തിൽ 23 കോടിയും വകയിരുത്തി. റോഡ് പുനരുദ്ധാരണത്തിന് 18 കോടിയും, റോഡ് നിർമ്മാണത്തിന് 3 കോടിയും ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ ക്ഷേമത്തിന് 25 ലക്ഷവും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 2.20 കോടി രൂപ വകയിരുത്തി. സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന സഫലമീയാത്ര പദ്ധതിക്ക് 1.40 കോടി രൂപ വകയിരുത്തി. 

വനിത ശിശു ക്ഷേമത്തിന് 1.45 കോടി രൂപയും വകയിരുത്തി. വയോജന ക്ഷേമത്തിന് 40 ലക്ഷം, കായിക യുവജന ക്ഷേമം 51 ലക്ഷം എന്നിങ്ങനെയാണ് വിവിധ ക്ഷേമ പദ്ധതികൾക്ക് പണം വകയിരുത്തിയിട്ടുള്ളത്. എസ് സി / എസ് ടി വികസനത്തിന് 
11 കോടി 30ലക്ഷം രൂപയും വകയിരുത്തി. മൃഗ സംരക്ഷണത്തിനും ക്ഷീര വികസനവും ലക്ഷ്യം വച്ച് 7.70 കോടി രൂപയുടെ പദ്ധതികളും ബജറ്റിൽ വകയിരുത്തി. 

ദുരന്ത നിവാരണം, ജൈവ വൈവിധ്യ പദ്ധതികൾക്കായി  30 ലക്ഷം രൂപ വകയിരുത്തി. കൂടാതെ 20 സദ്ഭരണ പദ്ധതികൾക്കായും ബഡ്ജറ്റിൽ തുക വകയിരുത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ആൻ്റണി ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ ബജറ്റ്  ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


 

Tags

News Hub