സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പോലീസിന്റെ പങ്ക് വലുത്: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി :സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പോലീസ് സമൂഹത്തിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ജില്ലയിൽ പുതുതായി രുപീകരിച്ച വുമൺ സേഫ്റ്റി ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. കേരള പോലീസ് വലിയ മാറ്റങ്ങൾക്ക് വിധേയമായ സേനയാണ്. കൃത്യനിർവ്വഹണത്തിനുപരി സഹാനുഭൂതിയോടെ കാര്യക്ഷമമായി സാമൂഹികസുരക്ഷ മുൻ നിർത്തി പ്രവർത്തിക്കുന്ന വിഭാഗമാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സാമൂഹിക സുരക്ഷാ മിഷൻ, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തണം. വനിതകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. സ്ത്രീകൾ സ്വയരക്ഷയ്ക്കായി ആയോധന മുറകൾ പരിശീലിക്കണമെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ചു. ദേശീയ വനിതാ കമ്മീഷന്റെ ജില്ലയിലെ നോഡൽ ഓഫീസറും നർക്കോട്ടിക് സെൽ ആന്റ്് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയുമായ ജോയ് മാത്യു വിഷയാവതരണം നടത്തി. ഇടുക്കി നാർകോട്ടിക് സെൽ ആന്റ് ജെൻഡർ ജസ്റ്റിസ്, ഇടുക്കി ജനമൈത്രി പോലീസ്, വനിതാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ സ്ത്രീ-ശിശു സുരക്ഷാ പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് വുമൺ സേഫ്റ്റി ഡിവിഷൻ ജില്ലയിൽ രൂപീകരിച്ചത്. ഇതിലൂടെ പരാതികൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കപ്പെടും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ലിംഗാധിഷ്ഠിത അതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ദാമ്പത്യ തർക്കങ്ങൾ എന്നിവ പരിശോധിച്ച് പരിഹരി്ക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ് മുതലായ വകുപ്പുകളുമായി ചേർന്ന് എല്ലാ മാസവും അദാലത്തും കൺവെർജൻസ് മീറ്റിഗും നടത്തും.
ബോധവൽക്കരണ ക്ലാസ്, വനിതാ അദാലത്ത് എന്നിവയും നടന്നു. ജില്ലാ വുമൺ ആന്റ് ചൈൽഡ് ഡെവലപ്‌മെന്റ് ഓഫീസർ ബി. എസ് അനിത ദീപ്തി, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംനാദ് വി.എ, ഇടുക്കി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പ്രമീള എ എസ്, ഡിസിആർബി ഡി.വൈ.എസ്.പി കെ. ആർ ബിജു, ഇടുക്കി വനിത പോലീസ് സ്‌റ്റേഷൻ എസ്. ഐ ശ്രീദേവി കെ. എസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക ലിസി എം.എം, കട്ടപ്പന സബ് ഡിവിഷൻ ഡി സി ആർ സി കൗൺസിലർ സിസ്റ്റർ ക്ലാരിസ് എന്നിവർ പങ്കെടുത്തു.
.jpg)


