രാജ്യത്തിന്റെ പ്രതീക്ഷ യുവജനങ്ങളിലാണെന്നും ഇവർക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണം: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി : രാജ്യത്തിന്റെ പ്രതീക്ഷ യുവജനങ്ങളിലാണെന്നും ഇവർക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്നും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച 'യൂത്ത് വോട്ടിങ് ഫെസ്റ്റിവൽ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. സമൂഹത്തിന്റെ പൾസ് അനുസരിച്ചു യുവജനങ്ങൾ പ്രവർത്തിക്കണം. വോട്ട് ചെയ്യുക മാത്രമല്ല വീട്ടിലുള്ളവരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും കളക്ടർ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ എൻ. എസ്. എസ് `വൊളന്റിയർ സെക്രട്ടറി സ്‌നേഹ നായർ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. യുവജനത വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, ജനാധിപത്യമൂല്യങ്ങൾ, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെ കുറിച്ചു തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ വാസു ക്ലാസെടുത്തു. കൂടാതെ വിവിധ കലാപരിപാടികൾ, റീൽസ് പ്രദർശനം, ഇൻട്രാക്ടീവ് സെഷനുകൾ, നാടൻ കളികൾ, ക്വിസ് മത്സരം, ഹരിത തിരഞ്ഞെടുപ്പ് സിഗ്നേച്ചർ കാമ്പയിൻ തുടങ്ങിയ പരിപാടികളും നടന്നു. യുവജനങ്ങൾ ഉത്തരവാദിത്വത്തോടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ കാഴ്ച്ചക്കാർ കണ്ട വീഡിയോ അവതരിപ്പിച്ച കാസറ്റ് എന്ന പേരിലുള്ള മ്യൂസിക്കൽ സംഘത്തെ ചടങ്ങിൽ കളക്ടർ ആദരിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ അഷിത ചന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫസർ ഫിലുമോൻ ജോസഫ്, ലീപ് ഇടുക്കി നോഡൽ ഓഫീസറും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ അനീസ് ജി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ വാസു, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ ഫെസ്റ്റിവലിൽ പങ്കെടുത്തു.
.jpg)

