ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: ഇടുക്കി ജില്ലാ കളക്ടർ

Disabilityfriendlyenvironment
Disabilityfriendlyenvironment

ഇടുക്കി : ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കളക്ടർ  ഡോ.ദിനേശൻ ചെറുവാട്ട്.അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ  തൊടുപുഴ മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ഭിന്നശേഷി വിഭാഗക്കാർ ഏറ്റവും മികച്ചവരാണ്. 

tRootC1469263">

അതിന്റെ മികച്ച ഉദാഹരണമാണ് ഹെലൻ കെലർ.ജന്മനാ അന്ധയും ബധിരയുമായ അവർ തന്റെ പരിമിതികളെ അതിജീവിച്ച് നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. അതുപോലെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കളക്ടർ പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്  എല്ലാവരുടെയും ചുമതലയാണ്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളോടൊപ്പം വിവിധ സംഘടനകളുടെ സഹായ സഹകരണങ്ങൾ അവർക്ക് നൽകണം. നമ്മുടെ സന്തോഷ നിമിഷങ്ങളിൽ ഭിന്നശേഷി സമൂഹത്തെയും ചേർത്തുപിടിച്ച് അവരോടൊപ്പം സന്തോഷം പങ്കിടണമെന്നും അത്തരമൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.എ.ഷംനാദ് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സിജി എൻ.എൻ മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷി നിയമാവബോധം രൂപീകരിക്കുന്ന ഭാഗമായി വികലാംഗരുടെ അവകാശ നിയമം,നാഷണൽ ട്രസ്റ്റ് ആക്ട് എന്നിവ സംബന്ധിച്ച് അഡ്വ. പ്രേംജി സുകുമാർ,സംസ്ഥാന ഭിന്നശേഷി കമ്മിറ്റി അംഗം ചാക്കോ ചാക്കോ എന്നിവർ ക്ലാസുകൾ നയിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ ആസിഫ് ഉമ്മർ, പ്രവീൺ ഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഭിന്നശേഷി മേഖലയ്ക്ക് സഹായവും പ്രോത്സാഹനം നൽകുന്ന  എൻ.സി.സി. യൂണിറ്റിനുള്ള സഹചാരി അവാർഡ് തങ്കമണി  സെന്റ്. തോമസ് ഹൈസ്‌കൂൾ നേടി.കായിക മേഖലയിൽ വിവിധ നേട്ടങ്ങളും മികച്ച പ്രകടനവും കാഴ്ചവച്ച ദിന്നശേഷികാരനായ പി.ഡി. പ്രമോദിനെയും  ആദരിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു.

യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.എൻ. ദീപു,ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ശരത് ജി റാവു,ജില്ലാ ഓർഫനേജ് അസോസിയേഷൻ പ്രതിനിധി  റോസക്കുട്ടി എബ്രാഹം,നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ.ഖയാസ്, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നിധിൻ പോൾ, പ്രൊബേഷൻ ഓഫീസർ  വി.കെ. മായാമോൾ, വിദ്യാർത്ഥികൾ,അധ്യാപകർ,സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags