ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയാൽ വിവരാവകാശ നിയമം ആവശ്യമില്ല: ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഇടുക്കി : നിയമവും നയങ്ങളും നടപ്പാക്കുന്ന ഉദ്യോഗസ്ഥർ സ്വന്തം ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയാൽ വിവരാവകാശ നിയമം തന്നെ ആവശ്യമില്ലെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. സംസ്ഥാന വിവരാവകാശ കമ്മീഷൻ തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല, ദേവികുളം നിയോജകമണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുതാര്യത ഉറപ്പാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. ഓരോ കാര്യങ്ങളും സുതാര്യമായി ചെയ്യും എന്ന് ഓരോരുത്തരും തീരുമാനിച്ചാൽ വിവരാവകാശ നിയമം ആവശ്യമില്ല. സർക്കാർ നടപ്പാക്കുന്ന നയങ്ങളും പദ്ധതികളും സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം പകരുകയാണ് ഈ നിയമം. നിയമം നിർമ്മിക്കുന്നതും നയങ്ങൾ പ്രഖ്യാപിക്കുന്നതും ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുഅധികാര സ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം തുടങ്ങിയവ ചെറുക്കുന്നതിനുള്ള വിവരവകാശ നിയമം കാര്യക്ഷമതയോടെ നടപ്പാക്കുന്നു എന്നുറപ്പാക്കാനാണ് സെമിനാർ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സബീറ ജലീൽ, വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

