പറമ്പിക്കുളം മേഖലയിലെ ആദിവാസി ഉന്നതികളില്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

The Food Commission visited the tribal heights of Parambikulam region
The Food Commission visited the tribal heights of Parambikulam region

ഇടുക്കി : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ ഗോത്ര വര്‍ഗ്ഗ ഉന്നതികളില്‍ ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി പറമ്പിക്കുളം ആദിവാസി ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ  കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ സന്ദര്‍ശനം നടത്തി. പറമ്പിക്കുളം ആദിവാസി ഉന്നതിയിലെ  തേക്കടിയിലുളള എ ആര്‍ ഡി 66 റേഷന്‍ കടയില്‍ അനധികൃതമായി സൂക്ഷിച്ച  ഭക്ഷ്യധാന്യം കണ്ടെത്തി.

ശരിയായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാതെ റേഷന്‍ കട നടത്തിപ്പില്‍ ഗുരുതരമായ  വീഴ്ച വരുത്തിയ റേഷന്‍ കട ഉടമയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് എടുത്തു നടപടി സ്വീകരിക്കുമെന്ന്  കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ഉറവമ്പാടി ഉന്നതികളിലെ ജനങ്ങള്‍ക്കായി സഞ്ചരിക്കുന്ന റേഷന്‍ കട ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിലേക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.

മുപ്പതേക്കര്‍, അല്ലിമൂപ്പന്‍, ഉറവമ്പാടി ഉന്നതികളിലെ മൂന്നു വയസ്സിനും ആറ് വയസ്സിനും ഇടയില്‍ പ്രായമുള്ള , അങ്കണവാടികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്കായി  ഇന്ന് മുതല്‍(ഫെബ്രുവരി 20) വീടുകളില്‍ പോഷകാഹാരം എത്തിച്ചു കൊടുക്കാന്‍ വനിതാ ശിശു വികസന വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.അങ്കണവാടികളിലേക്ക് പാചക വാതക സിലിണ്ടര്‍ എത്തിക്കുന്നതിന്  രണ്ടായിരം രൂപയില്‍ അധികം ചെലവ് വരുന്നതിനാല്‍  പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  

ഉറവമ്പാടി ഉന്നതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപ അങ്കണവാടി  പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പട്ടിക വര്‍ഗ വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.കൊല്ലങ്കോട് ഉപജില്ലയില്‍ ഉള്‍പ്പെട്ട തേക്കടി മുപ്പതേക്കര്‍ നഗറിലെ ഗവ. ട്രൈബല്‍ വെല്‍ഫയര്‍ എല്‍പി വിദ്യാലയത്തില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സ്‌കൂളിലെ ഉച്ച ഭക്ഷണ പരിപാടി യുടെ  മാതൃകപരമായി നടത്തി വരുന്ന പ്രഥമാധ്യപകന്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തനം അഭിനന്ദനീയവുമാണെന്ന് സംസ്ഥാന ഭക്ഷ്യ  കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ആദിവാസി ഉന്നതികളിലെ മുലയൂട്ടന്ന അമ്മമാര്‍ക്ക് ജനനീ ജന്മരക്ഷപദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിന് എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാംപയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റൈസേഷന്‍) ക്യാമ്പ് സംഘടിപ്പിച്ച് ആധാര്‍ ,റേഷന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാനും  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീന , ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി മിനി മോള്‍ ,ശിശുവികസന പദ്ധതി ഓഫീസര്‍ എം ജി ഗീത ,കൊല്ലങ്കോട് റേഞ്ച് ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് സപ്ലൈ  ഓഫീസര്‍,പറമ്പിക്കുളം പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കമ്മീഷനോടൊപ്പമുണ്ടായിരുന്നു. പറമ്പിക്കുളം  ആദിവാസി ഊരിലെ മുപ്പതേക്കര്‍, അല്ലിമൂപ്പന്‍, ഉറവമ്പാടി ഉന്നതികളിലാണ്  കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.

Tags