ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ചുമതലയേറ്റു
ഇടുക്കി: ജില്ലയിൽ നിലവിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനു വേണ്ടി കാര്യക്ഷമമായി നിർവഹിക്കും. വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും സഹകരണം കളക്ടർ അഭ്യർഥിച്ചു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന വി. വിഗ്‌നേശ്വരിയിൽ നിന്നും ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു കളക്ടർ.
tRootC1469263">സംസ്ഥാനത്തിന്റെ സുഗന്ധവ്യഞ്ജന ഉദ്യാനമാണ് ഇടുക്കി. അതു പോലെ തന്നെ ടൂറിസം രംഗത്തും ജില്ല മികച്ച സംഭാവനകൾ നൽകുന്നു. ഈ മേഖലകളിലെ വികസനത്തിന് പ്രാധാന്യം നൽകും. ഇടമലക്കുടി ഉൾപ്പടെയുള്ള ആദിവാസ ഗോത്രമേഖലകളുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധ നൽകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഡപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോ.ദിനേശൻ ചെറുവാട്ടിനെ സ്വീകരിച്ചു. തുടർന്ന് ചേംബറിലെത്തി വി. വിഗ്‌നേശ്വരിയിൽ നിന്നും ചുമതല ഏറ്റെടുത്തു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി. എം ആര്യ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ അടക്കമുള്ളവർ കളക്ടറെ സന്ദർശിച്ചു. ജില്ലയുടെ 42-ാമത്തെ കളക്ടറാണ് ഡോ.ദിനേശൻ ചെറുവാട്ട്. തിരുവനന്തപുരത്ത് ഹോമിയോപ്പതി വകുപ്പിൽ ചീഫ് മെഡിക്കൽ ഓഫീസറായ ഭാര്യ ഡോ. ശ്രീകല, മക്കളായ അഞ്ജലി, അരവിന്ദ് എന്നിവരും ഡോ.ദിനേശൻ ചെറുവാട്ടിനൊപ്പം എത്തിയിരുന്നു.
.jpg)


