കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃക: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഇടുക്കി : സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന രാജ്യത്തെ ഏക ഭാഗ്യക്കുറിയായ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഇടുക്കി ജില്ലാ തല പ്രകാശനവും ആദ്യ വില്‍പ്പനയും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയും ജോലി നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഏജന്റായ കെ.എസ് ശിവരാമന് ടിക്കറ്റ് നല്‍കിക്കൊണ്ട് ആദ്യ വില്‍പ്പന ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭാകൗണ്‍സിലര്‍ ആതിര ജോഷി അധ്യക്ഷത വഹിച്ചു. ജി എസ് ടി തുക 40% ശതമാനമായി വര്‍ധിപ്പിച്ചിട്ടും ടിക്കറ്റ് വില വര്‍ധിപ്പിക്കാതെ സമ്മാന തുക വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനീയമാണെന്ന് ആതിര ജോഷി പറഞ്ഞു.
ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പ്രിയ എ.എസ്, ഗിരീഷ് കുമാര്‍ ജി, കെ.എസ് ദേവകുമാര്‍, അനുഷന്‍ കുളമാവ്, ബി അജിത്കുമാര്‍, തങ്കച്ചന്‍ കാരക്കവയലില്‍, കെ. കെ ഗോപാലകൃഷ്ണന്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍ ജോസഫ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ഏജന്റുമാര്‍, വില്‍പ്പനക്കാര്‍, ഭാഗ്യക്കുറി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രമേ വിപണനത്തിനായി എത്തിക്കുന്നുള്ളൂയെന്നും, സമൂഹ മാധ്യമങ്ങള്‍ വഴി ടിക്കറ്റ് വാങ്ങി പൊതു ജനങ്ങള്‍ വഞ്ചിക്കപ്പെടരുതെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.
.jpg)

