കേരളം പവർകട്ടും ലോഡ്‌ഷെഡിംഗുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ
ഇടുക്കി : പവർകട്ടും ലോഡ്‌ഷെഡിംഗുമില്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോഡ്‌ഷെഡിംഗ് ഇല്ലാത്ത, പവർ കട്ട് ഇല്ലാത്ത കേരളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ, ഇന്നത് യാഥാർത്ഥ്യമായിക്കഴിഞ്ഞു.
tRootC1469263">പവർകട്ട് എന്ന് പറഞ്ഞാൽ എന്താണെന്ന് എല്ലാവർക്കും ധാരണയുണ്ടെന്നുള്ളതിൽ സംശയമില്ല. ലോഡ്‌ഷെഡിംഗ് അത്ര വലുതായിരുന്നു. കേരളത്തിൽ നാലര മണിക്കൂർ ലോഡ്‌ഷെഡിംഗ് ആയിരുന്നു. കേരളത്തിലെ കെ.എസ്.ഇ.ബി. എന്നത് മുൻ അനുഭവത്തിൽ നമ്മുടെ നാട്ടിൻപുറത്തെ ചായക്കടക്കാരന്റെ മാനേജ്‌മെന്റ് വൈഭവം പോലും ഇല്ലാതിരുന്ന ഒരു സ്ഥാപനമായിരുന്നു. എന്നാൽ, ആ സ്ഥാപനം മികവാർന്ന രീതിയിൽ പ്രവർത്തിച്ചു. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. നിശ്ചിത പദ്ധതികൾ, ഏത് തീയതിയിലാണോ പൂർത്തിയാക്കുന്നതെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു മുൻപ് തന്നെ പൂർത്തീകരിക്കുന്നു. അത്രമാത്രം കാര്യക്ഷമതയിലേക്ക് കെ.എസ്.ഇ.ബി. എത്തി. കേരളം ഉണ്ടായതിനുശേഷം ഇതേവരെ ഉത്പാദിപ്പിച്ച ആകെ വൈദ്യുതി എത്രയാണോ അത്രയും വൈദ്യുതി രണ്ട് വർഷം ആകുമ്പോഴേക്കും നമ്മൾ ഊർജ്ജമായി ഉത്പാദിപ്പിച്ചു. ആദ്യം പവർ കട്ട് ഇല്ലാതായി. പിന്നെ ലോഡ്‌ഷെഡിംഗ് ഇല്ലാതായി.
വൈദ്യുതി രംഗത്ത് നടപ്പാക്കിയ കാര്യങ്ങൾ പൂർണ്ണമായി നല്ല തുടർച്ചയോടെ നടപ്പാക്കുന്ന സ്ഥിതിയിലേക്ക് എത്താൻ കഴിഞ്ഞതുകൊണ്ടാണ് ഒട്ടേറെ നേട്ടങ്ങൾ ഈ മേഖലയിൽ നേടാനായത്. ആര് ഭരിച്ചാലും ഒരുപോലെ അല്ല. നാടിനോട് പ്രതിബദ്ധതയുള്ളവരും കോർപ്പറേറ്റുകളോട് മാത്രം പ്രതിബദ്ധതയുള്ളവരും തമ്മിൽ വ്യത്യാസമുണ്ട്. നാടിനോട് പ്രതിബദ്ധത ഉണ്ടായാൽ അതിദാരിദ്ര്യം ഇല്ലാത്ത നാടായിട്ട് മാറും. 5 ലക്ഷത്തിൽപരം പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ കിട്ടുന്ന നാടായിട്ട് മാറും. സാമൂഹികക്ഷേമ പെൻഷൻ 600 രൂപയൽ നിന്ന് 1600 ലേക്കും, 1600 രൂപയിൽ നിന്ന് 2000 ലേക്കും മാറും.
വൈദ്യുതി രംഗത്ത് ഏറ്റവും പ്രധാനം പ്രസരണം കാര്യക്ഷമമാക്കുക എന്നതാണ്. വൈദ്യുതി വഹിച്ചു കൊണ്ടുപോകാനുള്ള ലൈനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇടമൺ-കൊച്ചി പവർ ഹൈവേ. ആ പവർ ഹൈവേ മുടങ്ങിപ്പോയിരുന്നു. മുടങ്ങിയെന്ന് മാത്രമല്ല, നടപ്പാക്കുന്ന പവർ ഗ്രിഡ് കോർപ്പറേഷൻ കേരളം വിട്ടുപോയിരുന്നു. 2016-ൽ സർക്കാർ പവർ ഗ്രിഡ് കോർപ്പറേഷനെ വിളിച്ചു വരുത്തി. അവരോട് പണി ആരംഭിക്കാൻ പറഞ്ഞു. ഗവൺമെന്റിന് നാടിനോടാണ് പ്രതിബദ്ധത. പദ്ധതി നടപ്പാക്കുന്നതിനാണ് പ്രതിബദ്ധത. പുഗലൂർ-മാടക്കത്തറ ലൈനും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2550 മെഗാവാട്ട് ശേഷിയുള്ളതാണ് ഈ ലൈനുകൾ. ഇറക്കുമതി ചെയ്യേണ്ടി വന്നാൽ, വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ലൈനുകളും സാധ്യമായി. പ്രസരണ രംഗത്ത് നടപ്പാക്കിയ പരിപാടിയാണ് 10,000 കോടി രൂപയുടെ ട്രാൻസ് ഗ്രിഡ് പദ്ധതി. നല്ല മാറ്റം അതിന്റെ ഭാഗമായി ഉണ്ടാവുകയാണ്.
800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവർണ്ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി ജലവൈദ്യുത പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പുനരുദ്ധാരണ പദ്ധതി. ഇവയെല്ലാം യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതെല്ലാം പുനരുപയോഗ സാധ്യതയുള്ള ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള പദ്ധതിയാണ്. പ്രകൃതിക്കുണ്ടാകുന്ന ആഘാതം വളരെ കുറവായിരിക്കും. 2040 ഓടെ വൈദ്യുതോൽപ്പാദനം പൂർണ്ണമായും പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളെ ആശ്രയിച്ചായിരിക്കണം. ഇതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പള്ളിവാസൽ വിപുലീകരണ പദ്ധതി പവർഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. രാജ, എം. എം മണി, കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം, ഡയറക്ടർ ജനറേഷൻ സജീവ്. ജി, ചീഫ് എഞ്ചിനീയർ വിനോദ്.വി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ,വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
.jpg)


