ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
തൊടുപുഴ: മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഏറെക്കാലമായി ഈ കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. നിരവധി തവണ അധികൃതരോട് കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വീഴ്ച എവിടെയാണെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിൻറെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കർക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. അസി. എക്സിക്യുട്ടീവ് ഓഫീസറുടെ കസേരയിൽ പ്രതിഷേധക്കാർ പൂച്ചട്ടി വെച്ചു.
.jpg)

