നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഏപ്രിൽ രണ്ട് വരെ
ഇടുക്കി : നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ഉദ്യോഗസ്ഥർ ഏപ്രിൽ 2 നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
പോസ്റ്റൽ വോട്ട് തപാലിലൂടെ അയച്ച് പിന്നീട് സമർപ്പിക്കുന്ന സംവിധാനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കില്ല. പകരം വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (Voter Facilitation Centres - VFC) വഴി മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. അന്യജില്ലകളിൽ വോട്ടവകാശമുള്ളതും ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും Form 12 സമർപ്പിച്ച് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ വോട്ട് ചെയ്യാം. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്ന അസംബ്ലി മണ്ഡലങ്ങളിൽ തന്നെയാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാം ഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് വിഎഫ്‌സികൾ സജ്ജീകരിക്കുക.
പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പരിശീലന കേന്ദ്രങ്ങൾ,ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ, സിവിൽ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ എന്നിങ്ങളിൽ സമർപ്പിക്കാം.
ഏപ്രിൽ 4 വരെ മാത്രമേ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ മുഖേന വോട്ട് ചെയ്യാൻ സാധിക്കൂ. എല്ലാ ഉദ്യോഗസ്ഥരും ഈ സമയപരിധിക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണം.
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ കൈവശം വോട്ടർ ഐഡി കാർഡ് (EPIC), ഇലക്ഷൻ ഡ്യൂട്ടി ഓർഡർ എന്നിവ ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിച്ചു.
.jpg)


