വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം

google news
Heat


ഇടുക്കി : വരള്‍ച്ചയെയും കനത്ത ചൂടിനേയും നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കച്ചവട സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ  തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും. തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍  സുരക്ഷാ ആഡിറ്റും നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ  അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ , വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്.
  കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ തണ്ണീര്‍ പന്തലുകള്‍ ആരംഭിച്ച് മെയ് മാസം വരെ നിലനിര്‍ത്തും. ഇവിടെ സംഭാരം, തണുത്ത വെള്ളം, ആവശ്യത്തിന് ഓ.ആര്‍.എസ് എന്നിവ ലഭ്യമാക്കും.  . പൊതുകെട്ടിടങ്ങള്‍, വ്യക്തികള്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജീകരിക്കും .അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും ചുമതല. വ്യാപാരികളുടെ  സഹകരണത്തോടെ ചൂട് കൂടുതലുള്ള കേന്ദ്രങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങളും  സജ്ജീകരിക്കും.


തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഗ്നിശമന രക്ഷാസേനയോട്  കൂടുതല്‍ ജാഗരൂകരായിരിക്കാന്‍ യോഗം നിര്‍ദേശിച്ചു. പ്രധാന വ്യാപാര മേഖലകള്‍, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍, ജനവാസ മേഖലയിലെ  കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, ആശുപതികള്‍ , പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അടിയന്തര  ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും, കെ.എസ്ഇബിയുടെയും നേതൃത്വത്തില്‍ എല്ലാ ആശുപതികളുടെയും, പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും ഇലക്ട്രിക്കല്‍ ഓഡിറ്റും നടത്തും. ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റാന്‍ തൊഴിലുറപ്പ്  പ്രവര്‍ത്തകരെ വിനിയോഗിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ മുന്‍കൂട്ടി കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന്‍  ജലവിഭവ വകുപ്പിന് യോഗം നിര്‍ദേശം നല്‍കി.
 ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍, പൊള്ളല്‍, വേനല്‍ക്കാലത്തെ പകര്‍ച്ച വ്യാധികള്‍ എന്നിവയെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എല്ലാ പിഎച്ച്എസി, സിഎച്ച്എസികളിലും  ഒ.ആര്‍.എസ് ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും.  തൊഴില്‍ സമയ പുനക്രമീകരണങ്ങള്‍ ശരിയായി  പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴില്‍വകുപ്പിനും യോഗം നിര്‍ദേശം നല്‍കി. പരീക്ഷ ഹാളുകളില്‍ വെന്റിലേഷനും കുടിവെള്ളവും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിനോട് യോഗം നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാര്‍ഗ്ഗനടത്തുന്നതിനായി രേഖ അനുസരിച്ചു മാത്രമേ   ഉത്സവങ്ങള്‍ നടത്താന്‍ പാടുള്ളൂ.  പടക്ക നിര്‍മ്മാണം  , സൂക്ഷിപ്പ് ശാലകള്‍ എന്നിവ നിര്‍ബന്ധമായും അഗ്നി സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം.

 വേനല്‍ മഴ ലഭിച്ചാല്‍  പരമാവധി ജലം സംഭരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ എല്ലാ വകുപ്പുകളും പൊതുജനങ്ങളും തയ്യാറാകണം . ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍   ബോധവല്‍ക്കരണം നടത്തുന്നതിനായി ജനപ്രതിനിധികളെ  ഉള്‍പ്പെടുത്തി   കാമ്പയിന്‍ ആരംഭിക്കും. വേനല്‍മഴയോടൊപ്പമുള്ള  ഇടിമിന്നലുകള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധവും നല്‍കണം
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടാകാനിടയുള്ള   പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ട്  മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്  തുടങ്ങിയവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.   മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍  ആരോഗ്യ- ഭക്ഷ്യ സുരക്ഷാവകുപ്പുകള്‍ സ്വീകരിക്കും. വഴിയോര കച്ചവടക്കാര്‍  ഉപയോഗിക്കുന്ന ജലം പരിശോധിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വന്യമൃഗങ്ങള്‍ക്ക് വനങ്ങളില്‍  ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കും .
കൃഷി ആവശ്യത്തിനുള്ള  ജലലഭ്യത കൃഷി വകുപ്പ് , തദ്ദേശ  ഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉറപ്പുവരുത്തണം. പക്ഷികള്‍ക്ക്  വെളളം ലഭ്യമാക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍  പൊതുജനങ്ങളോടും   ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചു.
 

Tags