ആരോഗ്യ ജാഗ്രത : ഇടുക്കിയിൽ കോര്‍-കമ്മിറ്റി യോഗം ചേര്‍ന്നു ​​​​​​​

htfk

ഇടുക്കി :  എല്ലാ  വകുപ്പുകളും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യനിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 'മഴക്കാലപൂര്‍വ്വ ശുചീകരണ-വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍  ചേര്‍ന്ന കോര്‍-കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

 തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൊതുകുകളുടെ ഉറവിട നിര്‍മ്മാര്‍ജ്ജനം നടത്തും. ഓടകള്‍ , കാനകള്‍ വൃത്തിയാക്കല്‍ ,ജല സ്രോതസ്സുകളുടെ  - ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടപ്പിലാക്കും. പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കും.  കുടിവെള്ള പദ്ധതികള്‍ക്കുള്‍പ്പെടെ ആശ്രയിക്കപ്പെടുന്ന ഡാമില്‍  മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമാകുന്ന എല്ലാ വകുപ്പുകള്‍ക്കും പുറമെ ജലസേചന-ജലസംരക്ഷണ നിയമം 1993, വകുപ്പ് 70 (3 ) 72 സി , ജല മലിനീകരണ നിയമം 1974 , വകുപ്പ് 43 ,  പരിസ്ഥിതി സംരക്ഷണ നിയമം 1986 ,പഞ്ചായത്ത് രാജ് നിയമം 1994 , വകുപ്പ് 219 എസ് , 219 ടി , മുന്‍സിപ്പാലിറ്റി ആക്ട്1994 , വകുപ്പ് 340 എന്നിവ അനുസരിച്ച് നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ഡാമുകളുടെ പരിസരത്തും വനപ്രദേശങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍  പോലീസിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.  നിരീക്ഷണ കാമറകള്‍  സ്ഥാപിക്കുന്നതിനൊപ്പം രാത്രികാല പട്രോളിംഗും ശക്തമാക്കും.

ഇതോടൊപ്പം തെളിനീരൊഴുകും ക്യാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും . മലിന ജല സംസ്‌കരണം ഉറപ്പുവരുത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ -  തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സോക്കേജ് പിറ്റുകള്‍  നിര്‍മിക്കും. മലിനീകരിക്കപ്പെട്ട ജലാശയങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരണത്തിന്  കര്‍മ്മ പദ്ധതി തയ്യാറാക്കുകായും ചെയ്യും . ജല  സ്രോതസ്സുകളിലേക്ക്  തുറന്നിരിക്കുന്ന മലിനജല കുഴലുകള്‍ കണ്ടെത്തി അടയ്ക്കും. മിനി എം.സി.എഫ് , എം.സി എഫ്.ആര്‍.ആര്‍ .എഫ് എന്നിവയിലെ അജിവ മാലിന്യങ്ങള്‍  സമയബന്ധിതമായി നീക്കം ചെയ്യും. കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ തരം തിരിച്ചു സൂക്ഷിക്കണം. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യം ക്ലീന്‍ കേരളയും വീടുകളില്‍ നിന്നുള്ളത് ഹരിതകര്‍മസേനയെ ഉപയോഗപ്പെടുത്തിയും ശേഖരിക്കും.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന തലങ്ങളില്‍  എന്‍ എസ് എസ് ,എസ് പി സി എന്‍ സി സി ചുമതലയുള്ള അധ്യാപകര്‍ ,കേഡറ്റുമാര്‍ സന്നധ പ്രവര്‍ത്തകര്‍ , പരിസ്ഥിതി പ്രവര്‍ത്തകര്‍ യൂത്ത് വോളന്റീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി   റിപ്പോര്‍ട്ടിങ്ങ് കമ്മിറ്റി രൂപീകരിക്കും. യോഗത്തില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. വി കുര്യാക്കോസ്, എ. ഡി. സി ജനറല്‍ ശ്രീലേഖ സി തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this story