ആശുപത്രികളിൽ ‘തുടക്കം’ ശുചീകരണ കാമ്പയിൻ; ഉദ്ഘാടനം 30ന് ആരോഗ്യമന്ത്രി നിർവഹിക്കും
മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഡിഎംഇ, ഡിഎച്ച്എസ്, മറ്റ് വകുപ്പ് മേധാവികളുടെയും മീറ്റിംഗ് മേയ് 23ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിക്കുകയും മഴക്കാല പൂർവ ശുചീകരണത്തിന് നടപടികൾ സ്വീകരിക്കാനുള്ള കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും നേത്യത്വത്തിൽ ഈ പ്രവർത്തനം ഏറ്റെടുത്ത് മികച്ച രീതിയിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും മെയ് 30ന് 'തുടക്കം' എന്ന പേരിൽ ഒരു ജനകീയ ശുചീകരണ കാമ്പയിൻ നടത്തും. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 30ന് രാവിലെ 9 ന് മന്ത്രി കെ മുരളീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തും. കാമ്പയിൻ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് / പ്രിൻസിപ്പൽ /ജില്ല മെഡിക്കൽ ഓഫീസർ /ചാർജ് മെഡിക്കൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. ആവശ്യമായ ശുചീകരണ സാമഗ്രികളും ലോജിസ്റ്റിക്കൽ പിന്തുണയും ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങൾ ക്രമീകരിക്കണം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പൂർണ്ണ സഹകരണം നൽകാൻ ബന്ധപ്പെട്ട എല്ലാവരോടും നിർദേശം നൽകിയിട്ടുണ്ട്.
*സർക്കാർ ആശുപത്രികളിൽ ഒരാൾക്ക് ഒരു കട്ടിൽ എന്ന രീതിയിൽ കൂടുതൽ കിടക്കകൾ ഉറപ്പാക്കും
കിടക്കകളുടെ അപര്യാപ്തത മൂലവും രോഗികളുടെ തിരക്ക് വർദ്ധിച്ചതിനാലും നിലവിൽ സർക്കാർ ആശുപത്രികളിൽ ചില വാർഡുകളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായി ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കുള്ളിൽ അധിക കിടക്കകൾ ക്രമീകരിക്കുന്നതിനും ഒരാൾക്കു ഒരു കട്ടിൽ എന്ന രീതിയിൽ അധിക കിടക്കകൾ ക്രമീകരിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അധികം വേണ്ട ജീവനക്കാരെ ആശുപത്രി അധികാരികൾ പുനർവിന്യസിക്കേണ്ടതാണ്. ഇതിനു വേണ്ടി എല്ലാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് / പ്രിൻസിപ്പൽ /ജില്ലാ മെഡിക്കൽ ഓഫീസർ /ചാർജ് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
*രോഗീ സൗഹൃദ ആശുപത്രികൾ : ആരോഗ്യ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കും
എല്ലാ ഓ പി വിഭാഗങ്ങളിലും രോഗികൾക്കു ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത് ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ ആശുപത്രി ഫാർമസിയിൽ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ചു ആവശ്യമെങ്കിൽ ഒരു മാസത്തെ മരുന്ന് കൊടുക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരമുള്ള കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നുള്ള നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ ലാബ് പരിശോധനകൾക്കായി അതത് ലാബിലെ സ്റ്റാഫ് വന്ന് ബ്ലഡ് സാമ്പിൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇത് രോഗികളുടെ കൂട്ടിരിപ്പുകാരുടെ അലച്ചിൽ കുറയ്ക്കും.
ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറ സ്ഥാപിച്ചു രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നീരിക്ഷിക്കുകയും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. എല്ലാ ഒപി കൗണ്ടറുകൾക്ക് മുൻപിലും കംപ്ലൈന്റ് രജിസ്റ്റർ വയ്ക്കാനും QR കോഡ് സ്കാനർ ഉപയോഗിച്ച് ഫോട്ടോ / വീഡിയോ എന്നിവ പരാതിയായി നല്കാനുമുള്ള നടപടികൾ എടുക്കും.
മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും മുൻഗണന ക്യു, വീൽ ചെയർ അസിസ്റ്റ് എന്നിവ നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ അഡ്മിറ്റ് ആയ രോഗികളുടെ സ്‌കാനുകളും മറ്റു പരിശോധനകളും 2 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്‌കാൻ ടെസ്റ്റുകൾക്ക് അഡ്മിറ്റ് ആയ രോഗികൾക്ക് മുൻഗണന കൊടുക്കാനും നിർദേശിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലെ ഡിഎംഒ മാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും നേത്യത്വത്തിൽ രോഗീ സൗഹ്യദ നടപടികൾ എന്തൊക്കെയാണ് കൈക്കൊള്ളേണ്ടതെന്ന് രൂപരേഖ ഒരാഴ്ചയ്ക്കുള്ളിൽ തയാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ 30 ദിവസത്തിനകം നടപ്പിൽ വരുത്താനും അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് നടിപ്പിലാക്കുന്നതിലെ അപാകതകൾ പരിഹരിച്ചു PHC മുതൽ മെഡിക്കൽ കോളേജ്, RCC വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും നടിപ്പിലാക്കാനും തീരുമാനിച്ചു.
മറ്റുള്ള വിഷയങ്ങൾ
മഴക്കാലത്തു കൂടിവരുന്ന രോഗങ്ങളുടെ ചികിസ്തയ്ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കാൻ ഡിഎംഒ, ഡി എച്ച് എസിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുറഞ്ഞത് 2 ആഴ്ചക്കുള്ള മരുന്നും ഉപകരണങ്ങളും സംഭരിച്ചു വെയ്‌ക്കേണ്ടതാണ്. ഇതിനു ആവശ്യമായ നിർദേശങ്ങൾ ആശുപത്രി സൂപ്രണ്ട് / ചാർജ് മെഡിക്കൽ ഓഫീസർക്ക് നൽകിയിട്ടുണ്ട്.
ശസ്ത്രക്രിയകളിൽ സർജിക്കൽ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭാവം മൂലം യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ മുടങ്ങുന്നു എന്ന പരാതി അടിയന്തിരമായി പരിഹരിക്കാനും ശസ്ത്രക്രിയയ്ക്കായി ആവശ്യമുള്ള ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും അതുവഴി ശസ്ത്രക്രിയകൾ നടത്താനുള്ള കാലതാമസം ഒഴിവാക്കാനും നടപടികൾ സ്വീകരിക്കാൻ സൂപ്രണ്ടിനെ ചുമതലപെടുത്തി.
RCC യിൽ ഡോക്ടർ കൺസൾട്ടേഷൻ, ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള കാലതാമസം കുറയ്ക്കാൻ പതിമൂന്ന് ഒഴിവുകൾ അടിയന്തിരമായി നികത്താനും സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തതിനു ശേഷം ബാക്കിയുള്ള ഒഴിവുകൾ നികത്താനും തീരുമാനിച്ചു.
ഡെന്റൽ മെറ്റീരിയലുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം നികുത്തുന്നതിനായിയുള്ള എസ്റ്റിമേറ്റ് ഫണ്ട് HDS ൽ നിന്നും നല്കാൻ തീരുമാനിച്ചു.
ആയുഷ് - മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും തെറാപ്പിസ്റ്റ് ഒഴിവുകൾ HDS വഴി നികത്താനും നിർദേശം നൽകിയിട്ടുണ്ട്.
.jpg)

