സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ ; ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടാത്ത മിസ്സിംഗ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചർച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവർക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. വിഷൻ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
tRootC1469263">സംസ്ഥാനത്ത് കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നൽകി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങൾക്കാണ് കാസ്പ് പദ്ധതി കാർഡുള്ളത്. ഇതിന് പുറമേ കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ചികിത്സയും, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് 1 ലക്ഷം രൂപ വരെ അധിക ചികിത്സാ ആനുകൂല്യവും ഈ പദ്ധതി പ്രകാരം നൽകി വരുന്നുണ്ട്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ തുടർ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. 5 വർഷം കൊണ്ട് 8425 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയിട്ടുള്ളത്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും.
.jpg)


