പോലീസ് കാവലില്‍ ഹരീഷ് വരച്ചിടുന്നു; ജീവിതത്തിന്റെ നിറങ്ങളെ

google news
hhg

കൊല്ലം :  ഈ ലോകത്തോടുള്ള ഹരീഷിന്റെ വാക്കും കേള്‍വിയും മനസും, വരകളാണ്. ജന്മനാ മൂകനും ബധിരനുമായ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപതുകാരനായ ഹരീഷ് വരയ്ക്കുന്ന ചിത്രങ്ങളാണ് എന്റെ കേരളം പ്രദര്‍ശന മേളയിലെ പോലീസ് വകുപ്പിന്റെ സ്റ്റാളില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം.  സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരുടെ ചിത്രങ്ങള്‍ നൊടിയിടയില്‍ ഹരീഷ് ക്യാന്‍വാസിലേക്ക് പകര്‍ത്തും.

മന്ത്രിമാരായ കെ എന്‍ ബാലഗോപാലിന്റെയും, ജെ ചിഞ്ചുറാണിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ നിരവധി വ്യക്തികളുടെ ചിത്രങ്ങളാണ് ഹരീഷ് ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുള്ളത്. പുനലൂര്‍ തൂക്കുപാലവും, ജഡായു പാറയും,  ക്ലോക്ക് ടവറും ഉള്‍പ്പെടെ ഹരീഷിന്റെ വരയില്‍ തെളിയുന്ന കൊല്ലത്തിന്റെ ഭംഗിക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.  

അമ്മയോടും പരിശീലകനായ നിസാമിനോടും ഒപ്പമാണ് കടയ്ക്കല്‍ സ്വദേശിയായ ഹരീഷ് പ്രദര്‍ശന മേളയില്‍ എത്തിയത്. ഒരിക്കല്‍ യാദൃശ്ചികമായി ഹരീഷ് വരയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്റ്റാളിലേക്ക് ഹരീഷിനെ ക്ഷണിക്കുകയായിരുന്നു. ഇപ്പോള്‍ കാക്കിയുടെ വേദി നിറയെ, ജീവിതത്തിന്റെ നിറങ്ങളെ വരച്ചിടുകയാണ് ഈ യുവാവ്. 'യുവതയുടെ കേരളം' സന്ദേശം ഉയര്‍ത്തുന്ന എന്റെ കേരളം പ്രദര്‍ശനത്തില്‍ അതിജീവനത്തിന്റെ കാഴ്ച്ചയാവുകയാണ് ഈ യുവാവുംചിത്രങ്ങളും.

Tags