മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

google news
sss

പാലക്കാട് : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഹരിതസഭകള്‍ ചേരണമെന്നും ഈ മാസം അവസാന വാരം പ്രത്യേക ഡി.പി.സി വിളിച്ചു ചേര്‍ത്ത് നടപ്പുവര്‍ഷം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ജില്ല മുന്നോട്ടുപോകുമ്പോഴും ചില ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇപ്പോഴും ചില പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 17 തദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പങ്കെടുത്തു. പ്രവര്‍ത്തനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, നവകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ ഓരോ പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഗൃഹസന്ദര്‍ശനം, കവറേജ്, യൂസര്‍ ഫീ കളക്ഷന്‍, ഗാര്‍ബേജ് വള്‍നറമ്പിള്‍ പോയിന്റുകള്‍ കണ്ടെത്തി ഒഴിവാക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം, ഹരിതച്ചട്ടം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവലോകനം. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പ്രവര്‍ത്തന രീതികള്‍, അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ജൈവമാലിന്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റിന് കീഴിലുള്ള സാങ്കേതിക ടീം സന്ദര്‍ശനം നടത്താനും യോഗത്തില്‍ തീരുമാനമായി.

Tags