കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ഒന്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെളള കണക്ഷന്‍ നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

google news
sssss

പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ഒന്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെളള കണക്ഷന്‍ നല്‍കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ചിറ്റാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ഗ്രാമീണ കുടുംബത്തിലും ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോന്നി മണ്ഡലത്തില്‍ എല്ലാ പ്രദേശത്തെക്കും കുടിവെള്ളം എത്തിക്കുന്നതിനായി 648 കോടി രൂപയുടെ അംഗീകാരം നേടി കഴിഞ്ഞു. കോന്നിയുടെ സ്പന്ദനം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംഎല്‍എ ആണ് അഡ്വ. കെ യു ജനീഷ് കുമാര്‍.  എംഎല്‍എ യുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് മണ്ഡലത്തില്‍ നടക്കുന്നത് എന്നും മാതൃകാ മണ്ഡലം ആയി കോന്നി മാറുകയാണ് എന്നും ജില്ലാ ഭരണകൂടം, പഞ്ചായത്ത്, വാട്ടര്‍ അതോററ്റി ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചിറ്റാര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനുള്ള ശ്വാശ്വത പരിഹാരം ഈ പദ്ധതി നടപ്പാകുന്നതോടെ ഉണ്ടാകുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ചിറ്റാര്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി 62.38 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. 42 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജല്‍ ജീവന്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടന്നും എംഎല്‍എ പറഞ്ഞു.

ആന്റോ ആന്റണി എംപി  മുഖ്യാതിഥിയായ ചടങ്ങില്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് രവികല എബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി മോഹന്‍, നബീസത്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ പി ആര്‍ തങ്കപ്പന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രവി കണ്ടത്തില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ ദാസ്, ചീഫ് എന്‍ജിനീയര്‍ എസ് ലീനകുമാരി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബി മനു ,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags