ആറളം ഫാമില്‍ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

adv martin george

കണ്ണൂര്‍:  ആറളം ഫാം മേഖലയില്‍ കാട്ടാനകളുടെ കടന്നുകയറ്റം തടയാന്‍ ശാശ്വതപരിഹാരം ഇനിയും വൈകരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പന്ത്രണ്ടാമത്തെ ജീവനാണ് കാട്ടാനയുടെ ആക്രമത്തില്‍ ഈ മേഖലയില്‍ നഷ്ടമായിരിക്കുന്നത്. ആറളം ഫാമിലെ പത്താം ബ്ലോക്കില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട രഘുവിന്റെ വേര്‍പാട് അത്യന്തം ദു:ഖകരമാണ്.  

കാട്ടാനയുടെ ആക്രമണത്തില്‍ ഓരോ മരണം സംഭവിക്കുമ്പോഴും ആനകളെ തടയാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാകാത്ത സ്ഥിതിയാണ്.
ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികളുടെ യോഗത്തിലും ഇതേ നിര്‍ദേശം ഉയര്‍ന്നതാണ്.

കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതൊക്കെ താല്‍ക്കാലിക സംവിധാനം മാത്രമാണ്.  വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തും. ഈ മേഖലയില്‍ ഇനിയും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കാട്ടാനശ്യം തടയുന്നതിന് ശാശ്വത പരിഹാരത്തിനായി പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Share this story