ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷൻ ട്രെയിൻ' വരുന്നു: വിദ്യാർത്ഥി സംരംഭകർക്ക് അവസരം

InnovationTrain
InnovationTrain

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ  ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമായ 'ഇന്നൊവേഷൻ ട്രെയിൻ' സംരംഭവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) വിദ്യാർത്ഥി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നൊവേഷൻ ആൻഡ് എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ (ഐഇഡിസി) ഉച്ചകോടിയുടെ ഭാഗമായാണ് 'ഇന്നൊവേഷൻ ട്രെയിൻ' വരുന്നത്.
 
പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയാനും പ്രായോഗിക പരിഹാരത്തിനാവശ്യമായ ആശയങ്ങൾ രൂപപ്പെടുത്താനും സജ്ജീകരണങ്ങളുള്ള 'ഇന്നൊവേഷൻ ട്രെയിനിൽ' സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകർ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ യാത്ര ചെയ്യും. ഡിസംബർ 21 ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന 'ഇന്നൊവേഷൻ ട്രെയിൻ' ഡിസംബർ 22 ന് കാസർകോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും.
 
'ഇന്നൊവേഷൻ ട്രെയിൻ' ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങൾ പ്രദർശിപ്പിക്കുന്ന ഐഡിയേഷൻ സോണായി പ്രവർത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെൻറ് ബോർഡുകൾ, ഗൈഡഡ് ഡിസൈൻ-തിങ്കിംഗ് സെഷനുകൾ, റാപ്പിഡ് വാലിഡേഷൻ ടൂളുകൾ, മെൻറർ ഇൻററാക്ഷൻ സ്ലോട്ടുകൾ, ലൈവ് പിച്ച് കോർണറുകൾ എന്നിവ ഐഡിയേഷൻ സോണിൻറെ ഭാഗമാണ്. ഉപജീവനമാർഗ്ഗങ്ങൾ, പൊതു സേവനങ്ങൾ, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കൽ, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങൾ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്കിതിലൂടെ അവസരം ലഭിക്കും.
 
സമൂഹത്തിന് ഗുണകരമാകുന്നതും നടപ്പിലാക്കാനാകുന്നതുമായ ഇരുന്നൂറോളം നൂതനാശയങ്ങൾ ഇതിലൂടെ രൂപപ്പെടുമെന്ന് കരുതുന്നു. ഇന്നൊവേഷൻ ട്രെയിനിൻറെ ഭാഗമായി രൂപപ്പെടുന്ന ആശയങ്ങൾക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകൾ, ഇന്നൊവേഷൻ ഷോകേസുകൾ, ഫണ്ടിംഗ് ഏജൻസികളുമായുള്ള നെറ്റ് വർക്കിംഗ് എന്നിവയിൽ മുൻഗണന ലഭിക്കും. തിരഞ്ഞെടുത്ത ആശയങ്ങൾക്ക് വിദഗ്ധ മാർഗനിർദേശം, പ്രൂഫ്-ഓഫ്-കൺസെപ്റ്റ് വികസനം, ഇൻകുബേഷൻ അവസരങ്ങൾ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കും.

tRootC1469263">

പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകർ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് 'ഇന്നൊവേഷൻ ട്രെയിൻ' എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂതനാശയക്കാർക്ക് ഇതിൻറെ ഭാഗമാകാനാകും.
 
എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുമുള്ള സ്റ്റാർട്ടപ്പ് മിഷൻറെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ ഉയർത്തിക്കാട്ടാനാകും. സമൂഹത്തിന് പ്രയോജനകരമായ നൂതനാശയങ്ങൾ കണ്ടെത്താൻ അടുത്ത തലമുറയെ ഇതിലൂടെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

ബിരുദതലത്തിൽ തന്നെ സ്റ്റാർട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം  ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാർത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാൻ സഹായിക്കുന്ന പ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കൾ, വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവരുമായി വിദ്യാർത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നേടാനും കൂടുതൽ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും.

യുവജനങ്ങളിൽ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളർത്തുന്നതിനൊപ്പം കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാർത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാർട്ടപ്പുകളായി വളർത്താനുള്ള അവസരങ്ങൾ ഒരുക്കി കേരളത്തിൻറെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാർത്ഥികളും ഇതിൻറെ ഭാഗമാകും. കെഎസ്‌യുഎമ്മിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐഇഡിസി സെൻററുകൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ, നവോത്ഥാന നേതാക്കൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.
 

Tags