ജനങ്ങളും സംസ്കാരങ്ങളും കേരളത്തിൻറെ സുഗന്ധവ്യജ്ഞന വ്യാപാരത്തെ ശക്തിപ്പെടുത്തി: സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധർ
കൊച്ചി: വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും വ്യത്യസ്ത സംസ്കാരങ്ങളുടെയും സംഭാവനകളാണ് പുരാതനകാലം മുതൽ കേരളത്തെ സുഗന്ധവ്യജ്ഞന വ്യാപാരത്തിൻറെ ശക്തികേന്ദ്രമായി മാറ്റിയതിന് പിന്നിലെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോൺഫറൻസിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞു.
ബോൾഗാട്ടി പാലസിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ സ്പൈസ് റൂട്ട്സ് പീപ്പിൾ, ഗുഡ്സ് ആൻഡ് ഐഡിയാസ് ഇൻ മോഷൻ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. കേരളം വെറും വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ലെന്നും പല സംസ്കാരങ്ങൾ ഒന്നിച്ചുകൂടിയ ഇടമായിരുന്നെന്നും അവർ വ്യക്തമാക്കി.ജനുവരി 6 മുതൽ 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചർച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
tRootC1469263">അതിർത്തികൾ ഉണ്ടാകുന്നതിന് മുമ്പേ സ്പൈസ് റൂട്ടുകൾ ലോകത്തെ ബന്ധിപ്പിച്ചിരുന്നതായി ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. കേവലം തുറമുഖമായി മാത്രമല്ല ആഗോള പ്രസ്ഥാനത്തിൻറെ കേന്ദ്രമായി മുസിരിസ് നിലകൊണ്ടിരുന്നുവെന്നും വിവിധ നാഗരികതകൾ പരസ്പരം കണ്ടുമുട്ടുകയും ചർച്ചകൾ നടത്തുകയും പഠിക്കുകയും ചെയ്ത സ്ഥലം കൂടിയായിരുന്നുവെന്നും അവർ പറഞ്ഞു.കേരളത്തിൽ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങൾ ദൂരദേശങ്ങളിലേക്ക് പോകുകയും അവിടെ നിന്നുള്ള ആശയങ്ങൾ തിരിച്ചെത്തി സമൂഹങ്ങളെയും സംസ്കാരത്തെയും ജീവിതരീതികളെയും പരിവർത്തനപ്പെടുത്തി. വേഗത്തിൽ മാറ്റങ്ങൾ നടപ്പാകുന്ന ഈ കാലഘട്ടത്തിൽ പൈതൃകം സ്ഥിരമല്ലെന്ന് ഇവ നമ്മെ ഓർമ്മിപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
കേരളത്തിൻറെ ചരിത്രപരമായ വ്യാപാരത്തെക്കുറിച്ച് സംസാരിച്ച കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. മൈക്കിൾ തരകൻ 1920 ൽ ബ്രട്ടീഷ് ഭരണകൂടവും മദ്രാസ് സർക്കാരും തിരുവിതാംകൂർ കൊച്ചി സർക്കാരുകളും തമ്മിലുണ്ടായ ഇൻറർപോർട്ടൽ ട്രേഡ് കൺവെൻഷൻ കൊച്ചിയെ പ്രധാന തുറമുഖമാക്കുകയും പിന്നീടത് കൊളോണിയൽ വ്യാപാരത്തിൻറെ കേന്ദ്രമായി മാറുകയും ചെയ്തതായി ചൂണ്ടിക്കാട്ടി.ഫ്യൂഡലൈസേഷൻ നിമിത്തം യൂറോപ്യൻ വിപണികൾ സ്തംഭിച്ചപ്പോൾ മലബാറിൽ നിന്നുള്ള കുരുമുളകും മറ്റ് സുഗന്ധവ്യജ്ഞനങ്ങളും അറബ് വ്യാപാര ശൃംഖലകളിലൂടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും എത്തിയിരുന്നതായി ജവഹർലാൽ നെഹ്റു സർവകലാശാലയുലെ മുൻ പ്രൊഫസർ പയസ് മാലേകണ്ടത്തിൽ പറഞ്ഞു.
എട്ടാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ, അറ്റ്ലാൻറിക് തുറമുഖങ്ങളിൽ വ്യാപാരം നടന്ന പ്രധാന ചരക്കുകളിൽ ഒന്നായിരുന്നു കേരളത്തിലെ കുരുമുളകെന്നും അദ്ദേഹം വ്യക്തമാക്കി.14, 15 നൂറ്റാണ്ടുകളിൽ ജർമ്മനിയിൽ കുരുമുളക് ഔഷധമായി ഉപയോഗിച്ചിരുന്നു. 1452 നും 1459 നും ഇടയിലുള്ള കാലയളവിൽ ജർമ്മൻ നഗരമായ കോളണിൽ 91,342 പൗണ്ട് കുരുമുളകും 45,354.5 പൗണ്ട് ചുക്കും 800.5 പൗണ്ട് ഇഞ്ചിയും വിറ്റഴിച്ച 45 കടകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.ഹുണ്ടി സമ്പ്രദായവും, ബന്ധുത്വ കടമെടുപ്പ് ശൃംഖലകളും ഇന്ത്യൻ വ്യാപാരികളെ ബ്രിട്ടീഷുകാരുടെ അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള നിയന്ത്രണങ്ങളെ മറികടക്കാൻ സഹായിച്ചുവെന്ന് സോമയ്യ വിദ്യാവിഹാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഛായ ഗോസ്വാമി പറഞ്ഞു.
നിരന്തരമായ മനുഷ്യ സഞ്ചാരമായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ആകർഷണവും, കൂടാതെ ചുറ്റുമുള്ള വ്യാപാര മേഖലയുമായി ബന്ധം സ്ഥാപിക്കാൻ സഹായിച്ചതുമെന്ന് സെഷനിൽ ഓൺലൈനായി പങ്കെടുത്ത ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഫഹദ് ബിഷാര പറഞ്ഞു.കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥനും സംസാരിച്ചു.അക്കാദമിക് വിദഗ്ധർ, ചരിത്രകാരൻമാർ, പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, ടൂറിസം മേഖലയിലെ പ്രതിനിധികൾ, കലാകാരൻമാർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
.jpg)


