കിഴക്കമ്പലത്ത് വെള്ളച്ചാലിൽ വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം
കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ പ്രീ-സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ-ആരിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം സംഭവിച്ചത്.
നഗരത്തിലെ പ്രമുഖ പ്രീ-സ്കൂളിലെ വിദ്യാർത്ഥിയായ ആദം 25 സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പമാണ് പാർക്കിലെത്തിയത്. സംസാരശേഷി കുറവായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടിയായിരുന്നു ആദം. ഉച്ചഭക്ഷണത്തിനായി കുട്ടികളെ മുറിയിലേക്ക് മാറ്റുന്നതിനിടെ മറ്റൊരു കുട്ടി ഓടിപ്പോയത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക, ആദത്തെ മുറിയിൽ നിർത്തി ആ കുട്ടിയുടെ പിന്നാലെ പോയി. തിരികെ വന്ന് എല്ലാവർക്കും ഭക്ഷണം നൽകിയ ശേഷമാണ് ആദത്തെ കാണാനില്ലെന്ന വിവരം അധ്യാപകർ തിരിച്ചറിയുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന്റെ പിന്നിലായുളള ചാലിലെ വെള്ളത്തിനടിയിൽ കുട്ടിയുടെ ടീഷർട്ട് കണ്ടെത്തുകയായിരുന്നു. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാർക്കിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ നിർമ്മിച്ച വെള്ളച്ചാലിൽ ആവശ്യമായ സുരക്ഷാ വേലികളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. സംസാരശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനായി മാതാവിനും മുത്തശ്ശിക്കുമൊപ്പം തമ്മനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആദം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
.jpg)

