കേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്ക് പ്രഖ്യാപിച്ചു

SpiceRootsHeritageNet

കൊച്ചി: രാജ്യങ്ങൾക്കിടയിൽ ചരിത്രം, സംസ്കാരം, സർഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇൻറർനാഷണൽ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്കിന് കേരളം തുടക്കം കുറിച്ചു. നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിൻറെയും സാംസ്കാരിക വിനിമയത്തിൻറെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഹെറിറ്റേജ് നെറ്റ് വർക്ക് പ്രഖ്യാപിച്ചത്.മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഹെറിറ്റേജ് നെറ്റ് വർക്ക് പ്രഖ്യാപിച്ചത്. 'പുരാതന പാതകൾ, പുതിയ യാത്രകൾ' എന്ന വിഷയത്തിലാണ് ജനുവരി 8 വരെ ത്രിദിന സമ്മേളനം നടക്കുന്നത്.

tRootC1469263">

സംസ്കാരങ്ങളുടെ സംഗമഭൂമി എന്ന നിലയിൽ കേരളത്തിൻറെ ചരിത്രപരമായ പങ്കും ഭാവിയിലേക്കുള്ള സ്പൈസ് റൂട്ട്സിൻറെ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഉറപ്പിക്കുന്നതാണ് ഈ സമ്മേളനമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി സ്പൈസ് റൂട്ട്സ് മലബാർ തീരത്ത് നിന്ന് കുരുമുളക്, കറുവപ്പട്ട, ഏലം എന്നിവ മാത്രമല്ല വിനിമയം ചെയ്തത്. ആശയങ്ങൾ, വിശ്വാസങ്ങൾ, സാങ്കേതികവിദ്യകൾ, കലാരൂപങ്ങൾ, ജീവിതരീതികൾ എന്നിവയുടെ കൈമാറ്റത്തിനുള്ള വേദിയായി കൂടിയാണ് ഇത് പ്രവർത്തിച്ചത്. സ്പൈസ് റൂട്ടിനെ ഭൂതകാലത്തിൻറെ അവശിഷ്ടമായിട്ടല്ല, സാംസ്കാരിക സംവാദം, ടൂറിസം, സമഗ്ര വികസനം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന വ്യാഖ്യാനമായിട്ടാണ് കേരളം കാണുന്നത്. ഇതിൽ നേതൃപരമായ പങ്ക് വഹിക്കാൻ കേരളത്തിനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചരിത്രം, പൈതൃകം, സംരക്ഷണം, ഡോക്യുമെൻറേഷൻ, ആർക്കൈവിംഗ്, പുരാവസ്തു ഗവേഷണം, മ്യൂസിയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ മേഖലകളിലെ വിഭവങ്ങൾ പങ്കിടുന്നതിലും സഹകരണം വളർത്തിയെടുക്കുന്നതിനായാണ് സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ ഗവേഷണം രൂപകൽപ്പന ചെയ്യുന്നതിലും പരിപാടികൾ സംഘടിപ്പിക്കുന്നതിലും സംയുക്ത പദ്ധതികൾ ഏറ്റെടുക്കുന്നതിലും ഹെറിറ്റേജ് നെറ്റ് വർക്ക് ശ്രദ്ധവയ്ക്കും. സ്പൈസ് റൂട്ടിനെ വീണ്ടും ബന്ധിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള വേദിയൊരുക്കുന്നതിൽ സ്പൈസ് റൂട്ട്സ് സമ്മേളനം തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ സ്പൈസ് റൂട്ട്സ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു.വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള ആളുകളെ ബന്ധിപ്പിക്കുകയും ജനങ്ങളുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുകയും ചെയ്ത സ്പൈസ് റൂട്ട് ചരിത്രത്തിൽ ആകർഷകമായ ഒന്നാണെന്ന് വിശിഷ്ടാതിഥിയായിരുന്ന ഹൈബി ഈഡൻ എംപി പറഞ്ഞു. മുസിരിസ് പൈതൃകവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും എംപി നിർവ്വഹിച്ചു.എംഎൽഎമാരായ വി.ആർ സുനിൽകുമാർ, ഇ.ടി ടെയ്സൺ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.സ്പൈസ് റൂട്ട്സിനെ സംബന്ധിച്ചുള്ള ആഗോള സംഭാഷണങ്ങൾക്കും സാംസ്കാരിക വിനിമയത്തിനും സമ്മേളനം വേദിയാകുമെന്ന് മുഖ്യാതിഥിയായ ഷാർജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടർ ജനറൽ മനൽ അതായ പറഞ്ഞു. സിഗ്നേച്ചർ ട്രെയിൽസ്, ഹെറിറ്റേജ് വാക്ക്സ് ബ്രോഷറുകളുടെ പ്രകാശനം മനൽ അതായ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു.

രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സമ്മേളനം ആദ്യമായി സംഘടിപ്പിക്കുന്നതെന്നും സമകാലിക ആഗോള വ്യവഹാരത്തിൽ സ്പൈസ് റൂട്ടുകളുടെ സ്ഥാനം ഉറപ്പിക്കാൻ ഇത് അവസരമൊരുക്കുമെന്നും സ്വാഗതപ്രസംഗത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. പണ്ഡിതൻമാരെയും ചിന്തകരെയും സാംസ്കാരിക പരിശീലകരെയും ഒരുമിച്ച് കൊണ്ടുവന്ന് അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലൂടെ സ്പൈസ് റൂട്ടുകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ സമ്മേളനത്തിൻറെ ലക്ഷ്യമെന്ന് ശിഖ സുരേന്ദ്രൻ പറഞ്ഞു.

ടൂറിസം അഡീഷണൽ സെക്രട്ടറി ഡി. ജഗദീഷ്, ഐസിഒഎംഒഎസ് ഇന്ത്യ പ്രസിഡൻറ് ഡോ. റിമ ഹൂജ, കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് എംആർ, കെടിഐഎൽ എംഡി ഡോ. മനോജ് കുമാർ കിനി, ബിആർഡിസി എംഡി ഷിജിൻ പി, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാർ കെ, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡൻറ് ജോസ് പ്രദീപ്, കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ, കോൺഫറൻസ് അക്കാദമിക് ക്യൂറേറ്റർ എം.എച്ച് ഇലിയാസ്, ആഴി ആർക്കൈസിലെ റിയാസ് കോമു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് എംഡി ഷാരോൺ വി നന്ദി പറഞ്ഞു.വിദ്യാർഥികൾക്കായുള്ള മാപ്പ് മൈ ഹെറിറ്റേജ് മത്സരത്തിൻറെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൻറെ ഭാഗമാണ്. പ്രമുഖ അക്കാദമിഷ്യൻമാർ, ചരിത്രകാരൻമാർ, പ്രശസ്ത പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം മേഖലയിലെ പ്രഗത്ഭർ, പ്രശസ്ത കലാകാരൻമാർ, സാംസ്കാരിക പരിശീലകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണ് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

 വിഷയാധിഷ്ഠിത അവതരണങ്ങൾക്ക് പുറമേ അന്തർദേശീയ പൈതൃക ഇടനാഴികൾ നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനർവിഭാവനം, ഡിജിറ്റൽ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനർവിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും. പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയിൽ വരുന്ന ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ സമ്മേളനം മുന്നോട്ടുവയ്ക്കും.

സമുദ്രവ്യാപാരത്താൽ രൂപപ്പെട്ട ഭാഷാ-സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകൾ, ബൗദ്ധിക പാരമ്പര്യങ്ങൾ, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിൻറെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കൽ, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിൻറെ ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നത്.

മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടൽ, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉൾപ്പെടുന്ന കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള യാത്രയിൽ സമ്മേളനത്തിലെ പ്രതിനിധികൾ ഭാഗമാകും. പേപ്പർ അവതരണം, സംഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, കലാ പ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനം, കലാപ്രകടനങ്ങൾ, സ്ഥല സന്ദർശനങ്ങൾ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്കാരങ്ങളും സമ്മേളനത്തിലുണ്ടാകും. സ്പൈസ് റൂട്ടുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിക് പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയും നടക്കും.

Tags