എറണാകുളത്ത് കനാലിൽ തിരിച്ചറിയാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Death due to boat capsizing in Puthukurichi; A fisherman died

കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ തിരിച്ചറിയാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ തൈക്കുടം ഭാഗത്ത് മൃതദേഹം ഒഴുകിനടക്കുന്നത് വഞ്ചിക്കാരാണ് ആദ്യം കണ്ടത്. ഏകദേശം 30-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയുടേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.

കറുത്ത ടീഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. മൃതദേഹത്തിന് രണ്ട് മുതൽ മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മരട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ ആളെ കാണാതായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ, മൃതദേഹം മറ്റെവിടെനിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി സമീപ ജില്ലകളിലെയും സ്റ്റേഷനുകളിലെയും മിസ്സിംഗ് കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags