സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞു : ഡോ. എ.പി കുട്ടികൃഷ്ണൻ

google news
drapkuttikrishnan

ആലപ്പുഴ: സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതാണ് കോവിഡ് കാലത്തും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിന് സഹായകമായതെന്ന്  എസ്.എസ്.കെ. മുൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ.പി കുട്ടികൃഷ്ണൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന- വിപണന മേളയിൽ അതിജീവന കാലത്തെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു സംസ്ഥാനത്തിനും വിദ്യാഭ്യാസ വകുപ്പിന് സ്വന്തമായി ടെലിവിഷന്‍ ചാനല്‍ ഇല്ല. പല സംസ്ഥാനങ്ങളും ഇപ്പോൾ മാത്രമാണ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക,  ഗുണമേന്മയുള്ള വിദ്യാഭ്യാസവും പഠന തുടര്‍ച്ചയും ഉറപ്പാക്കുക, തുടങ്ങിയവ സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്വങ്ങളുടെ ഭാഗമാണ്.നമ്മുടെ വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക്  എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തി വരുന്നത് - അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ ടീച്ചര്‍ സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി. ആർ. ഷൈല അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോജി കൂട്ടുമ്മേൽ മോഡറേറ്ററായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ. കെ. പ്രസന്നൻ, എസ്.ഐ.ഇ.റ്റി. ഡയറക്ടർ ഡോ. അബുരാജ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. കെ.എസ്. ബിന്ദു, ആലപ്പുഴ ഡി.ഇ.ഒ. റാണി തോമസ്, എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡി.എം രജനീഷ് തുടങ്ങിയവർ പങ്കെടുത്തു. ചേർത്തല എസ്.എൻ. ട്രസ്റ്റ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും എന്ന വിഷയത്തിൽ ഡോക്യൂമെന്‍റേഷൻ അവതരിപ്പിച്ചു.

Tags