പ്രദര്‍ശന നഗരിയിലെ താരങ്ങളായി ഡോളറും മാര്‍ത്തയും

കൊല്ലം : എന്റെ കേരളം പ്രദര്‍ശന മേളയിലെ മൃഗസംരക്ഷണവകുപ്പിന്റെ പവലിയനില്‍ താരങ്ങളായി മാര്‍ത്തും ഡോളറും എന്ന നായ്ക്കള്‍. ആരെയും കടിക്കില്ല. കുര തീരെയില്ല. തലോടലും സൗഹൃദവും ആസ്വദിച്ച് എല്ലാവരോടും ഇണങ്ങി നില്‍ക്കും.അമേരിക്കന്‍ കെന്നല്‍ ക്ലബില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരാണിവര്‍. ഇച്ഛാശക്തിയ്ക്കും ധൈര്യത്തിനും പേരുകേട്ടവര്‍.അമേരിക്കയില്‍ നിന്ന് പഞ്ചാബിലെത്തിയ ബുള്ളികളെ കൊല്ലം കല്ലുംതാഴം സ്വദേശി ദിനേശാണ് മൃഗസംരക്ഷണ വകുപ്പ് പവലിയനിലെത്തിച്ചത്.
രണ്ടര വയസ് പ്രായമുള്ള മാര്‍ത്ത പെണ്‍നായയാണ്. ഡോളര്‍ മൂന്നു വയസുള്ള ആണ്‍ നായയും. അനുസരണയുടെ ചിട്ടയില്‍ നേര്‍വരയില്‍ സഞ്ചരിക്കുന്നവരാണ് ഇരുവരും. കുഞ്ഞു ത്രികോണ ആകൃതിയിലെ ചെവികള്‍ ഇളക്കി ഉണ്ട കണ്ണുകള്‍ ഉരുട്ടി ബുള്ളികള്‍ കാണികളില്‍ അനുനിമിഷം കൗതുകം നിറയ്ക്കുന്നുണ്ട്. കാണികള്‍ നീട്ടുന്ന മിഠായിയോ ബിസ്‌കറ്റുകളോ സ്വീകരിക്കില്ല. ബീഫ് അവിയല്‍, ചീസ് എന്നിവയാണ് ഇഷ്ടഭക്ഷണം. ചേഷ്ടകളുടെ വിരുതിലൂടെ കുട്ടികളുടെ ഇഷ്ടതോഴരായി മാറുകയാണ് ഇരുവരും. സെല്‍ഫിക്കാരും ബുള്ളികളോടൊപ്പം കൂടുന്നുണ്ട്.