ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം : ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ 17ന് പണിമുടക്കും

doctu

കണ്ണൂര്‍: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്.

മാര്‍ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐഎംഎ സംസ്ഥാന ജില്ല നേതാക്കള് അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അക്രമങ്ങള്‍ നടക്കുന്നത്.  

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്.  ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നതായി ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്.

പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.

കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അതീവ ഗുരുതരമായ ഉത്കണ്ഠയും ആകാംക്ഷയും ഉള്‍ക്കൊണ്ടുകൊണ്ട്, നിര്‍ഭയം ആത്മവിശ്വാസത്തോടെ  ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നുള്ള പ്രധാന ആവശ്യം ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

 സമരപരിപാടികളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതുസമൂഹം സഹകരിക്കുകയും ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി കണ്ണൂരിലെ ഡോക്ടര്‍ മാര്‍ച്ച് 17ന് രാവിലെ 9.30ന് ഐഎംഎ ഹാളിന് സമീപത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണസമരം നടത്തും. വാര്‍ത്താ സമരത്തില്‍ ഡോ. ബാബു രവീന്ദ്രന്‍, ഡോ. ആര്‍. രമേശ്, ഡോ. ലളിത് സുന്ദരം. ഡോ. സുല്‍ഫിക്കര്‍ അലി. ഡോ. ഗോപിനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share this story