വയനാടിന്റെ മനസ്സ്‌തൊട്ട് ജില്ലാ കളക്ടര്‍ എ.ഗീത പടിയിറങ്ങുന്നു

geetha

വയനാട് :  കാലങ്ങളായി ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കുടുംബങ്ങള്‍. ആധികാരിക രേഖകള്‍ പ്രാപ്യമല്ലാതിരുന്ന ആദിവാസികള്‍. കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള ജില്ലയുടെ ഇങ്ങനെയുള്ള സങ്കടങ്ങള്‍ക്ക് ഒരു പടി മുന്നില്‍ പരിഹാരം കാണാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജില്ലാ കളക്ടര്‍ എ.ഗീത വയനാടിന്റെ പടിയിറങ്ങുന്നത്. പതിനെട്ട് മാസത്തോളം നീണ്ടു നിന്ന കളക്ടര്‍ പദവിയില്‍ വയനാടിന്റെ മുക്കിലും മൂലയിലുമായി നാനാവിധ പ്രശ്‌നങ്ങളില്‍ ഇടപെടാനും മലയോര ജില്ല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനുമായിരുന്നു സമയം കണ്ടെത്തിയിരുന്നത്.

ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയെന്ന നിലയില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധചെലുത്തി. കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയിലുള്‍പ്പെടുന്ന ജില്ല ഡെൽറ്റാ റാങ്കിംഗിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി ക്യാമ്പയിന്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി നേട്ടമായി. ഓരോ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പ്രത്യേകമായി നടന്ന എ.ബി.സി.ഡി ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. നാനാ മേഖലയിലും മികവാര്‍ന്ന നേട്ടത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന റവന്യൂ പുരസ്‌ക്കാരങ്ങളെല്ലാം ജില്ലയിലെത്തി.  ജില്ലയുടെ രൂപീകരണത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തെ മികച്ച കളക്ടറും മികച്ച കളക്‌ട്രേറ്റുമായി വയനാട് തെരഞ്ഞെടുക്കപ്പെട്ടു.
 

Share this story