ആരോഗ്യമേഖലയുടെ മികവും ട്രിപ്പിൾ വിൻ പദ്ധതി വിജയവുമാണ് കേരളത്തിലേയ്ക്ക് ആകർഷിച്ചതെന്ന് ഡെന്മാർക്ക് മന്ത്രി മെറ്റെ കിയർക്ക്ഗാർഡ്
ആരോഗ്യമേഖലയുടെ മികവും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിന്നിന്റെ വിജയവുമാണ് കേരളത്തിലേയ്ക്ക് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്മെന്റിന് ആകർഷിച്ചതെന്ന് ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ് അഭിപ്രായപ്പെട്ടു. നോർക്ക ഡെൻമാർക്ക് റിക്രൂട്ട്മെന്റ് കരാർ ഒപ്പിട്ടശേഷം തിരുവനന്തപുരത്തു സംഘടിപ്പിച്ച ഹെൽത്ത്‌കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റിലും തുടർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
tRootC1469263">കേരളസമൂഹത്തിന്റെ ക്ഷേമ വികസന കാഴ്ചപ്പാടുകൾ ഡെൻമാർക്കുമായി യോജിച്ചു പോകുന്നതാണെന്നും മെറ്റെ കിയർക്ക്ഗാർഡ് പറഞ്ഞു. 2024-ൽ ഒപ്പിട്ട ഇന്ത്യാ ഡെൻമാർക്ക് മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. ഇത് ഡെൻമാർക്കിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ സഹകരണത്തിനു പുറമേ മരിടൈം മേഖലയിലും കേരളവുമായി മികച്ച സഹകരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തൊഴിൽ കുടിയേറ്റത്തിൽ മികച്ച പാരമ്പര്യമുളള സംസ്ഥാനമാണ് കേരളമെന്ന് പാർട്ണർഷിപ്പ് മീറ്റിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞു. ആഗോള തൊഴിൽ മേഖലകളിലേയ്ക്ക് നൈപുണ്യ മികവുളളവരെ സംഭാവന ചെയ്യാൻ ഇന്ന് കേരളത്തിന് കഴിയുന്നുണ്ടെന്നും നോർക്കയുടെ സുരക്ഷിത കുടിയേറ്റ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ചുരുങ്ങിയ കാലത്തിനുളളിൽ ജർമ്മനിയിലേയ്ക്ക് ജോലിക്കായി 1000 നഴ്സുമാരുടെ വിന്യാസം പൂർത്തികരിക്കാനായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെൻമാർക്ക് പോലുള്ള രാജ്യവുമായി ഇടപെടാനും, മനസ്സിലാക്കാനും സംസ്ഥാനത്തിന് ലഭിക്കുന്ന അവസരങ്ങൾ കേരളത്തിലെ യുവതയെ ആഗോള നിലവാരമുളള നൈപുണ്യപരിശീലനത്തിന് സഹായിക്കുന്നതാണെന്ന് പാർട്ണർഷിപ്പ് മീറ്റിൽ നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ വ്യക്തമാക്കി. മീറ്റിൽ നോർക്ക റൂട്ട്സ് പദ്ധതികളും സേവനങ്ങളും വിദേശ റിക്രൂട്ട്മെന്റ് നടപടികളും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വിശദീകരിച്ചു. പാർട്ണൻഷിപ്പ് മീറ്റിലും വാർത്താസമ്മേളത്തിലും ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസൻ, ഡെൻമാർക്ക് എംബസി പ്രതിനിധികൾ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു. എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം നോർക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററും സന്ദർശിച്ചു.
.jpg)


