ഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കള്‍ വികസിപ്പിക്കാന്‍ സിഎസ്ഐആര്‍ ലാബുകള്‍ക്ക് കഴിയും: വി എസ് എസ് സി ഡയറക്ടര്‍

google news
ytu

തിരുവനന്തപുരം: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ഐഎസ്ആര്‍ഒ) ബഹിരാകാശ ദൗത്യങ്ങള്‍ക്കും മറ്റ് പദ്ധതികള്‍ക്കും ആവശ്യമായ തന്ത്രപ്രധാന വസ്തുക്കള്‍ നല്കാന്‍ സിഎസ്ഐആര്‍ ലാബുകള്‍ക്ക് കഴിയുമെന്ന് വി എസ് എസ് സി ഡയറക്ടര്‍ ഡോ. എസ്.  ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു. തന്ത്രപ്രധാന വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നത് രാജ്യത്തിന്‍റെ സുരക്ഷിതത്വവും സാമ്പത്തികപുരോഗതിയും മികച്ചതാക്കും. ഇതിനായി സി എസ് ഐ ആര്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ വ്യാവസായികമായി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) സംഘടിപ്പിച്ച തന്ത്രപ്രധാന വസ്തുക്കളെക്കുറിച്ചുള്ള ചര്‍ച്ചയുടെ     ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍   ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് 'രക്ഷ' എന്ന പ്രമേയത്തില്‍ തന്ത്രപ്രധാന വസ്തുക്കളെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചത്.
 
ലോഹ സ്വഭാവമുള്ള പദാര്‍ത്ഥങ്ങള്‍, ലോഹസങ്കരങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, പോളിമെറിക് വസ്തുക്കള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വസ്തുക്കള്‍ 10വര്‍ഷം മുന്‍പ് മറ്റു രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇന്ന് അതിലെ 80 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നുണ്ട്. ധാരാളം വ്യാവസായിക മേഖലകളില്‍ ഇത് ഉപയോഗപ്രദമാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവ വാങ്ങുമ്പോള്‍ വലിയൊരു തുക അതിലേക്കായി മാറ്റിവെക്കേണ്ടി വരുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശീയമായി തന്ത്രപ്രധാന സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിന് 500 കോടിയിലധികം രൂപയുടെ നിക്ഷേപം 12-ലധികം വ്യവസായങ്ങളില്‍ ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം ലോഹസങ്കരം സാങ്കേതിക വിദ്യാമേഖലകളില്‍ പ്രധാനപ്പെട്ടതാണ്.  ഐ എസ് ആര്‍ ഒ യുടെ നേതൃത്വത്തില്‍  ഗ്ലാസ് സെറാമിക്സ് മേഖലയിലെ ഗവേഷണങ്ങള്‍ സി എസ് ഐ ആര്‍ ലാബുകളുമായി സഹകരിച്ച് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹവിക്ഷേപണ വാഹനങ്ങളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന സ്പേസ് ക്വാളിറ്റി ഒപ്റ്റിക്കല്‍ ഗ്ലാസ് ഇതിന് പ്രധാന ഉദാഹരണമാണ്. റെയര്‍ എര്‍ത്ത് മെറ്റലുകള്‍ ഉപയോഗിച്ച് സ്ഥിരകാന്തങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതിയ്ക്കും ഐ എസ് ആര്‍ ഒ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നിര്‍മ്മിത ബുദ്ധിയും മെഷിന്‍ ലേണിങ്ങും അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്‍ഐഐഎസ്ടി യില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍ ഐ ഐ എസ് ടി യില്‍ ആരംഭിക്കുന്ന ലോഹ-ജൈവ-ഭക്ഷ്യ വസ്തുക്കളുടെ 3 ഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യ തന്ത്രപ്രധാന വസ്തുക്കളെ തിരിച്ചറിയാന്‍ കൂടുതല്‍ സഹായകമാകും. ഈ വര്‍ഷം ഡി ആര്‍ ഡി ഒ,  ഇസ്രോ എന്നിവയുമായി പുതിയ പ്രോജക്ടില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍പിഎസ്സി-ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഡോ. വി നാരായണന്‍, ഭോപ്പാലിലെ സി എസ് ഐ ആര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോസസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ ഡോ. അവനീഷ് കുമാര്‍ ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു.
തന്ത്രപ്രധാനമായ വസ്തുക്കള്‍ സമ്പദ്വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും സി എസ് ഐ ആറിന്‍റെ 37 ലാബുകളില്‍ 24 എണ്ണം തന്ത്രപ്രധാനമായ വസ്തുക്കളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ഭോപ്പാലിലെ സി എസ് ഐ ആര്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോസസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ ഡോ. അവനീഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

എല്ലാ വസ്തുക്കളും ഒരു തരത്തില്‍ തന്ത്രപ്രധാന വസ്തുക്കളാണെന്ന് എല്‍ പി എസ് സി -ഐ എസ് ആര്‍ ഒ ഡയറക്ടര്‍ 
ഡോ. വി. നാരായണന്‍ പറഞ്ഞു. സാങ്കേതികവിദ്യാ ഉപകരണത്തിന്‍റെ രൂപകല്പനയേക്കാള്‍ പ്രധാനമാണ് അതിനെ ഒരു ഉല്പന്നമാക്കി മാറ്റാനുള്ള വസ്തുക്കളുടെ ലഭ്യതയെന്നും    അദ്ദേഹം പറഞ്ഞു.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും കൊല്ലത്തെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡും (കെഎംഎംഎല്‍) തമ്മില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വേര്‍തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി. ടാക്ലോഗ് പ്രൈവറ്റ് ലിമിറ്റഡ്,സീലസ് എന്‍ഡവര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ 3 ഡി പ്രൈവറ്റ് ലിമിറ്റഡ് എന്നീ  കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രവും    ചടങ്ങില്‍ കൈമാറി.

കൊല്ലം കെ എം എം എല്‍ മാനേജിംഗ് ഡയറക്ടര്‍ ജനാര്‍ദ്ധനന്‍ ചന്ദ്രബോസ്,  സി എസ് ഐ ആര്‍- എന്‍ ഐ ഐ എസ് ടി, എം എസ് ടി ഡി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടി ഡി പി രാജന്‍   എന്നിവര്‍ സംസാരിച്ചു.

തന്ത്രപ്രധാന വസ്തുക്കളുമായി ബന്ധപ്പെട്ട പാനന്‍ ചര്‍ച്ചയില്‍ 'രക്ഷ' കോര്‍ഡിനേറ്റര്‍ ഡോ. എം. രവി മോഡറേറ്ററായിരുന്നു. എംഎംജി, വിഎസ്എസ്സി, ഐഎസ്ആര്‍ഒ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.ഗോവിന്ദ്, ബെംഗളൂരുവിലെ എയ്റോസ്ട്രക്ചേഴ്സ് എഡിഇ-ഡിആര്‍ഡിഒ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.വി ശ്രീനിവാസ റാവു, ബെംഗളൂരു എച്ച്എഎല്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ഡി. സുബ്രഹ്മണ്യ ശാസ്ത്രി, കൊല്ലം കെഎംഎംഎല്‍ മാനേജിങ് ഡയറക്ടര്‍ ജനാര്‍ദനന്‍ ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.


 

Tags