ബില്‍ നല്‍കാതെ പാചക വാതക സിലിണ്ടര്‍ വിതരണം പാടില്ല : എഡിഎം

ytfdsgc

പത്തനംതിട്ട : ബില്‍ നല്‍കാതെ ഗാര്‍ഹിക /വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താന്‍ പാടില്ലെന്ന് അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു.  പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പാചക വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാചക വാതക സിലിണ്ടര്‍ വിതരണം  നടത്തിയ ശേഷം ബില്ല് നല്‍കി സിലിണ്ടര്‍ ലഭിച്ചതായുള്ള ഒപ്പ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങണം.

ഉപയോക്താക്കളുടെ പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണണം. പാചക വാതക വിതരണ ഏജന്‍സികളെ പറ്റി പൊതുജനങ്ങളില്‍ നിന്നും ഉയരുന്ന പരാതികളെ ഗൗരവകരമായി കാണുകയും പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും എഡിഎം പറഞ്ഞു.
ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടഷന്‍ നിരക്കില്‍ നിന്നും അധികമായ തുക ഈടാക്കുക, കൃത്യ സമയത്ത് പാചക വാതക സിലിണ്ടര്‍ നല്‍കാതെയിരിക്കുക, ഡെലിവറി ചാര്‍ജ് അധികമായി നല്‍കാത്ത ഉപയോക്താക്കളോട് മോശമായി പ്രതികരിക്കുക, വീടുകളില്‍ ഗ്യാസ് എത്തിച്ചു നല്‍കാതെയിരിക്കുക, ബില്‍ നല്‍കാതെയിരിക്കുക എന്നിവയാണ് പൊതുവായി ഉയര്‍ന്ന പരാതികള്‍.

ഒരേ സമയം സംഭരിക്കാന്‍ അനുവദനീയമായ 100 കിലോഗ്രാം പാചക വാതകത്തിലും അധികം സംഭരണം നടത്തുന്ന ഹോട്ടല്‍/ റെസ്റ്റോറന്റ്/ തട്ടുകട/വ്യക്തികള്‍ എന്നിവര്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സിലിണ്ടര്‍ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ അവശ്യസാധന നിയമ പ്രകാരം സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. തുടര്‍ പരിശോധനകള്‍ ശക്തമാക്കുവാന്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും യോഗം നിര്‍ദേശം നല്‍കി. ഇന്ധന വില നികുതി, മറ്റ് അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പാചക വാതക വിതരണ ഏജന്‍സികളുടെ 2013 ല്‍ അനുവദിച്ച നിലവിലെ  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏജന്‍സി ഉടമകള്‍ യോഗത്തില്‍ ഉന്നയിച്ചു.  

Share this story